 
തൊടുപുഴ: പാതയോരങ്ങളിൽ സഞ്ചാരികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനും വിശ്രമിക്കുന്നതിനും ആധുനിക സൗകര്യങ്ങളോടെ 'വഴിയിട'ങ്ങളൊരുങ്ങുന്നു. 'ടേക്ക് എ ബ്രേക്ക്' പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലും ശുചിമുറികൾക്കൊപ്പം കോഫീ പാർലർ, വിശ്രമസൗകര്യങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തി വഴിയോര വിശ്രമകേന്ദ്രങ്ങൾ സജ്ജമാക്കുന്നത്.
വിശ്രമിക്കാം, ചായകുടിക്കാം, മൊബൈൽ ചാർജ്ജ് ചെയ്യാം, കുഞ്ഞിനെ പാലൂട്ടാം, നാപ്കിൻ സംസ്‌കരിക്കാം... എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളാണ് യാത്രികർക്ക് ലഭിക്കുക. സർക്കാരിന്റെ 12 ഇന പരിപാടിയുടെ ഭാഗമായാണ് വൃത്തിയും വെടിപ്പുമുള്ള വിശ്രമ കേന്ദ്രങ്ങളൊരുങ്ങുന്നത്. ഹരിതകേരളം, ശുചിത്വ മിഷനും തദ്ദേശസ്ഥാപനങ്ങളുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലുടനീളം 63 'ടേക്ക് എ ബ്രേക്ക്' കേന്ദ്രങ്ങൾക്കാണ് നിലവിൽ പ്രോജക്ടുകളായിട്ടുള്ളത്. ഇതിൽ 47 എണ്ണം പുതിയതായി നിർമ്മിക്കുന്നതും 16 എണ്ണം നവീകരണത്തിനുമാണ്. 4.60 കോടി രൂപയാണ് പുതിയ കേന്ദ്രങ്ങളുടെ നിർമ്മാണത്തിനായി നീക്കിവെച്ചിട്ടുള്ളത്. ശുചിമുറികളുടെ നവീകരണത്തിനായി 45 ലക്ഷം രൂപയുടെ പ്രോജക്ടുകളാണുള്ളത്. വെള്ളത്തൂവൽ, ഇടമലക്കുടി, സേനാപതി, വണ്ണപ്പുറം, ആലക്കോട്, കരിമണ്ണൂർ, കാമാക്ഷി, അയ്യപ്പൻകോവിൽ, മുട്ടം, ഇടവെട്ടി, കരിങ്കുന്നം, മണക്കാട് പഞ്ചായത്തുകളൊഴികെയാണ് പദ്ധതിക്കായി പ്രപ്പോസൽ നൽകിയിട്ടുള്ളതെന്ന് ഹരിതകേരളം ജില്ലാ കോർഡിനേറ്റർ ഡോ. ജി.എസ്. മധു, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ പി.വി. ജസീർ എന്നിവർ അറിയിച്ചു. ശുചിമുറികളുടെ അഭാവം വിനോദസഞ്ചാരികളെയും ദീർഘദൂര യാത്രികരെയും പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും സാരമായി ബാധിക്കുന്നതായി ഏറെ പരാതികളുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ശുചിത്വമുള്ള ശുചിമുറികൾ എന്നതിലുപരി ദീർഘദൂര യാത്രയ്ക്കിടയിൽ ഒരു ചായ കുടിച്ച് അൽപ്പം സമയം വിശ്രമിച്ച് ക്ഷീണമകറ്റി യാത്ര തുടരാൻ സഹായിക്കുന്ന വഴിയിടങ്ങൾ സർക്കാർ യാഥാർഥ്യമാക്കുന്നത്.
വഴിയിടങ്ങളായി
ജില്ലയിലെ പെരുവന്താനം, കുമളി, രാജക്കാട് പഞ്ചായത്തുകളിൽ ഗുണനിലവാരമുള്ള ശുചിമുറി സമുച്ചയങ്ങൾ ഇതിനകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളും തീർത്ഥാടകരുമായി നിരവധി സഞ്ചാരികൾ എത്തുന്ന കുമളി ബസ് സ്റ്റാൻഡിന് സമീപമാണ് സ്ത്രീകൾക്ക് മാത്രമായുള്ള 21 യൂണിറ്റുകളുള്ള പുതിയ ശുചിമുറി സമുച്ചയം. പെരുവന്താനം പഞ്ചായത്തിൽ വള്ളിയൻകാവ് ക്ഷേത്രത്തിലേയ്ക്കും പാഞ്ചാലിമേട് ടൂറിസം കേന്ദ്രത്തിലേയ്ക്കുമുള്ള പ്രധാന പാതയോരത്ത് മണിക്കലിലാണ് ശുചിമുറി സമുച്ചയം സ്ഥാപിച്ചിരിക്കുന്നത്.