പൈനാവ്:സംസ്‌കാരങ്ങളുടെ സംഗമ സ്ഥാനമാണ് ഇടുക്കി ജില്ലയെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.മറയൂരിലും കാന്തല്ലൂരിലുമായി പതിനഞ്ചോളം ഗുഹാ സങ്കേതങ്ങൾ സംസ്ഥാന പുരാവസ്തുവകുപ്പ് ജില്ലയിൽ നിന്ന് കണ്ടെത്തുകയും ഡോക്യുമെന്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. സംസ്‌ക്കാരവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചിത്രങ്ങൾ സംരക്ഷിതമായി സർക്കാർ പ്രഖ്യാപിച്ചിട്ടുമുണ്ട്. രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള അത്തരം സ്മാരകങ്ങൾ ഏറ്റവും അധികം ഇടുക്കിയിലാണ് ഉള്ളതെന്നും ജില്ലാ പൈതൃക മ്യൂസിയം ഉദ്ഘാടനം ചെയ്ത്കൊണ്ട് മന്ത്രി പറഞ്ഞു.
മ്യൂസിയം അങ്കണത്തിൽ നടന്ന ചടങ്ങിൽ ഇഎസ് ബിജിമോൾ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എം.എം മണി ഓൺലൈനായി സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് മുഖ്യ പ്രഭാഷണവും മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻ പിള്ള റിപ്പോർട്ടും അവതരിപ്പിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം ജലാലുദ്ദീൻ, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജൻ, ഗ്രാമപഞ്ചായത്തംഗം അമ്മിണി ജോസ്, പുരാരേഖ വകുപ്പ് ഡയറക്ടർ രജികുമാർ ജെ, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ എസ് അബു, കൺസർവേഷൻ ഓഫീസർ എസ്. ജെയ്കുമാർ എന്നിവർ പങ്കെടുത്തു .
ജില്ലാ പൈതൃകം മ്യൂസിയം
എല്ലാ ജില്ലകളിലും പൈതൃക മ്യൂസിയങ്ങൾ നിർമ്മിക്കുവാനുള്ള സർക്കാരിന്റെ തീരുമാനത്തിന് ഭാഗമായി ജില്ലയിലെ പൈനാവിൽ പുരാവസ്തു വകുപ്പിന് കൈമാറിയ ജില്ലാ പഞ്ചായത്ത് വക കെട്ടിടത്തിൽ പൈതൃക മ്യൂസിയം ഒരുക്കുന്നതിന് തയ്യാറാക്കിയ വിശദമായ പദ്ധതി രേഖയ്ക്ക് സർക്കാർ അനുമതി ലഭിക്കുകയും 2016 ൽ പദ്ധതി നിർമ്മാണ ഉദ്ഘാടനം നടത്തി.ഇടുക്കിയുടെ സമൃദ്ധവും വൈവിധ്യ ഭരിതവുമായ പൈതൃകങ്ങൾ ഭാവി തലമുറയ്ക്കായി സജ്ജീകരിച്ചു സൂക്ഷിക്കാനുള്ള ഇടമെന്ന നിലയിലാണ് പുരാവസ്തു വകുപ്പ് ജില്ലാ പൈതൃക മ്യൂസിയം വിഭാവനം ചെയ്തത്. പത്ത് ഗാലറികളിലായി ആദിമകാലം മുതൽ ആധുനികകാലം വരെയുള്ള ഇടുക്കിയുടെ കഥ പറയുന്ന ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഈടുവെപ്പുകൾ സമഗ്രമായി ഇവിടെ ആവിഷ്‌കരിച്ചിട്ടുണ്ട്. .
ഡിസംബർ 31 വരെ സന്ദർശനം സൗജന്യമായിരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയാണ് സന്ദർശന സമയം. തിങ്കളാഴ്ചയും ദേശീയ അവധി ദിവസങ്ങളിലും മ്യൂസിയയത്തിൽ സന്ദർശനം ഉണ്ടാവില്ല.