kooth

ഇടുക്കി: പാർശ്വവത്ക്കരണമില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 'നാട്ടരങ്ങ്' തീരദേശ, ആദിവാസി മേഖലയിലെ കുട്ടികൾക്കുള്ള പഠന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോവിൽമല ഐ ടി ഡി പി സാമൂഹ്യ പഠന കേന്ദ്രത്തിൽ ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ പൊതു വിദ്യാഭ്യാസ യജ്ഞം ജനകീയമായാണ് നടപ്പാക്കുന്നത്. അതു കൊണ്ട് ഇതിൽ പാർശ്വവത്ക്കരണമുണ്ടാകുന്നില്ല. എല്ലാവരെയും അറിവിന്റെ തലത്തിലേയ്ക്ക് ഉയർത്തുന്ന ഉണർത്തുപാട്ടുകൂടിയാണ് നാട്ടരങ്ങ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു. മന്ത്രി എം.എം.മണി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഡീൻ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റ്യൻ എം എൽ എ എന്നിവർ ഓൺലൈനായി പങ്കെടുത്ത് ആശംസകളർപ്പിച്ചു. കോവിൽമല ഐ ടി ഡി പി സാമൂഹ്യ പഠന കേന്ദ്രത്തിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് കോവിൽമല രാജാവ് രാമൻ രാജമന്നാൻ തിരിതെളിച്ചു. സമഗ്ര ശിക്ഷാ പ്രോജക്ട് ഡയറക്ടർ ഡോ.എ.പി. കുട്ടികൃഷ്ണൻ പദ്ധതി വിശദീകരിച്ചു. എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ ഡി. ബിന്ദുമോൾ സ്വാഗതം പറഞ്ഞു.. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ആർ ശശി, വൈസ് പ്രസിഡന്റ് ജലജ വിനോദ്, ഗ്രാമ പഞ്ചായത്തംഗം ഇന്ദു സാബു, എസ് എസ് കെ അഡീഷണൽ ഡയറക്ടർ ഷിബു.ആർ.എസ്, ഇടുക്കി ഡി ഡി ഇ ശശീന്ദ്ര വ്യാസ് വി.എ, ഡയറ്റ് പ്രിൻസിപ്പൽ എൻ.കെ. ലോഹിദാസൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓർഡിനേറ്റർ കെ.എ. ബിനു മോൻ, എസ് എസ് കെ സംസ്ഥാന പ്രോഗ്രാം ഓഫീസർ എൻ.ടി.ശിവരാജൻ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച മന്നാൻ ഗോത്ര സമൂഹത്തിന്റെ പരമ്പരാഗത കലാരൂപമായ കൂത്ത് ഏറെ ശ്രദ്ധയാകർഷിച്ചു.