ഇടുക്കി: റീബിൽഡ് കേരള കാർഷിക മേഖലയുടെ പുനർ ജീവനത്തിനായി നടപ്പാക്കുന്ന ജൈവഗൃഹം പദ്ധതി ധനസഹായ വിതരണം ആരംഭിച്ചു. സംയോജിത കൃഷിക്കാണ് ധനസഹായം. കാർഷിക വിളകൾക്കൊപ്പം മൃഗപരിപാലനം, കോഴി, മത്സ്യം, താറാവ്, തേനീച്ച എന്നിവയെല്ലാം ഉൾപ്പെടുത്തി കുറഞ്ഞ ഭൂമിയിൽ നിന്നും പരമവാധി ആദായം ഉറപ്പാക്കുന്ന രീതിയാണ് ഇത്. ജില്ലയിൽ 545 ലക്ഷം രൂപയാണ് പദ്ധതിയ്ക്ക് വകയിരുത്തിയിട്ടുള്ളത്. ജില്ലയിലെ 53 കൃഷി ഭവനുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 1520 ഗുണഭോക്താൾക്കാണ് സ്ഥല വിസ്തൃതിയുടേയും തെരഞ്ഞെടുത്ത കൃഷികളുടേയും അടിസ്ഥാനത്തിൽ സഹായധനം നൽകും. തെരഞ്ഞെടുക്കപ്പെട്ട കർഷകർ പോഷകത്തോട്ടം, മൃഗ-പക്ഷി പരിപാലന യൂണിറ്റ്, തീറ്റപ്പുൽ കൃഷി, ജൈവമാലിന്യ സംസ്‌കരണ യൂണിറ്റ്, പുഷ്പ കൃഷി, ഇടവിള കൃഷി, എന്നിങ്ങനെയുളള അഞ്ചു സംരംഭങ്ങൾ നടപ്പാക്കണം. 30,000 രൂപ മുതൽ 50,000 രൂപ വരെ ധനസഹായം ലഭിക്കും. ആദ്യഘട്ടത്തിൽ 70 ശതമാനം തുകയാണ് കർഷകർക്ക് നൽകുക.