തൊടുപുഴ: ജില്ലയിൽ കൊവിഡ് രോഗികൾക്ക് മതിയായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. കൊവിഡ് വ്യാപനം രൂക്ഷമായിട്ടും തൊടുപുഴ ജില്ലാ ആശുപത്രിയിലെ വെന്റിലേറ്ററുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജിയുമായ ദിനേശ് എം. പിള്ള നൽകിയ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം സബ് ജഡ്ജ് ജില്ലാ ആശുപത്രിയിൽ സന്ദർശനം നടത്തിയിരുന്നു. ജില്ലയിലെ സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്നും തൊടുപുഴ ജില്ലാ ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യമില്ലെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അതോറിട്ടി സെക്രട്ടറി കഴിഞ്ഞ ദിവസം ഇവിടെ സന്ദർശനം നടത്തിയത്. കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങൾ പര്യാപ്തമല്ലെന്ന് പരിശോധനയിൽ വ്യക്തമായതായി അദ്ദേഹം റിപ്പോർട്ടിൽ പറഞ്ഞു. ആശുപത്രിയിൽ 10 വെന്റിലേറ്ററുകൾ ലഭ്യമാണെങ്കിലും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ അവ ഉപയോഗപ്രദമല്ല. വെന്റിലേറ്ററുകൾ ഉപയോഗിച്ച് ആറ് കിടക്കകൾ ക്രമീകരിച്ചിരിക്കുന്ന ഐസിയു മുറിയിൽ പരിശോധന നടത്തിയപ്പോൾ വെന്റിലേറ്ററുകളുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ഓക്‌സിജൻ പ്ലാന്റും ഇല്ലെന്നും കണ്ടെത്തി. കൊവിഡ് രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ പത്തു ശതമാനം കിടക്കകൾ നീക്കി വയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇതു പാലിക്കപ്പെടുന്നില്ലെന്നും ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.