തൊടുപുഴ: തൊടുപുഴ സബ് ഡിവിഷന് കീഴിലുള്ള മുപ്പതോളം റോഡുകളുടെ ശോചനീയ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചെങ്കിലും വിവിധ കാരണങ്ങളാൽ പ്രവർത്തികൾ നടത്താൻ കഴിയുന്നില്ല.തൊടുപുഴ സബ് ഡിവിഷന് കീഴിൽ ചെറുതും വലുതുമായ റോഡുകളുടെ പുണരുദ്ധാരണങ്ങൾക്ക് മൂന്നര കോടിയോളം രൂപയാണ് അനുവദിച്ചിരിക്കുത്. പ്രളയവും കൊവിഡും പ്രതികൂല കാലാവസ്ഥയുമാണ് റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തടസമായത്. കഴിഞ്ഞ മാർച്ചിൽ ടെണ്ടർ ചെയ്ത പ്രവർത്തികൾ ഉൾപ്പടെയാണ് മുടങ്ങിക്കിടക്കുന്നത്. തൊടുപുഴ സബ് ഡിവിഷനു കീഴിൽ പ്രധാനപ്പെട്ട റോഡുകളും പോക്കറ്റ് റോഡുകളും എല്ലാം തന്നെ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായ നിലയിലാണ്. പല റോഡുകളുടെയും ശോചനീയാവസ്ഥ മൂലം ബസ് സർവീസുകൾ പോലും നിലയ്ക്കുന്ന അവസ്ഥയായി. നിർമാണം വൈകുന്നതു മൂലം റോഡുകളുടെ അവസ്ഥ കൂടുതൽ പരിതാപകരമായ നിലയിലേക്ക് നീങ്ങുകയാണ്. പലയിടത്തും ജനങ്ങൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുമുണ്ട്.ഇതിൽ പലതും മാർച്ചിനു മുമ്പു തന്നെ ടെണ്ടർനടപടികൾ പൂർത്തിയായതുമാണ്. ആദ്യം മഹാ പ്രളയമായിരുന്നു ജില്ലയിലെ റോഡുകളെ തകർച്ചയിലേക്ക് നയിച്ചത്.പിന്നീട് കുറെ റോഡുകളുടെ നവീകരണ ജോലികൾ പൂർത്തിയായപ്പോഴേക്കും കൊവിഡ് വ്യാപനത്തോടെ വീണ്ടും റോഡുകളുടെ നിർമാണ പ്രവര്‍ത്തനങ്ങൾക്ക് തടസം നേരിട്ടു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിർമാണ പ്രവർത്തനങ്ങൾ മാസങ്ങളോളം നിർത്തി വച്ചു. ഇതിനിടെ പല റോഡുകളുടെയും നിർമാണത്തിനായി സാമഗ്രികളും ഇറക്കിയിരുന്നു. ഇതൊക്കെ റോഡരുകിൽ വഴിമുടക്കികളായി കിടക്കുകയാണ്. നിർമാണം ആരംഭിക്കാൻ ഇപ്പോൾ പ്രതികൂല കാലാവസ്ഥയാണ് പ്രവർത്തനങ്ങൾക്ക് തടസമാകുന്നതെന്ന് പിഡബ്ല്യുഡി അധികൃതർ പറയുന്നു. അപ്രതീക്ഷിതമായി എത്തുന്ന മഴ നിർമാണത്തിനു വിലങ്ങുതടിയാകുന്നു. റോഡിൽ ടാറിംഗ് നടത്തി ഏതാനും ദിവസം വെയിൽലഭിച്ചാൽ മാത്രമേ ഇത് ദീർഘ കാലം തകരാതെ നീണ്ടു നിൽക്കുകയുള്ളു.
. ഫണ്ട് അനുവദിച്ച
റോഡുകൾ
കലയന്താനി -കുടയത്തൂർ റോഡ്,
കാഞ്ഞാർ -മൂന്നുങ്കവയൽ,
വെള്ളിയാമറ്റം -കുരുതിക്കളം റോഡ്,
മൂലമറ്റം-പുള്ളിക്കാനം,
വെള്ളംനീക്കിപ്പാറ-കുണിഞ്ഞി,
കരിങ്കുന്നം -പാലപ്പുഴ-വടക്കുംമുറി,
മൂലമറ്റം-പുള്ളിക്കാനം,
കാഞ്ഞാർ -പുള്ളിക്കാനം,
തൊടുപുഴ- കരിമണ്ണൂർ- ഉടുമ്പന്നൂർ,
ഞറുക്കുറ്റി-എഴുമറ്റം ,
ചേലച്ചുവട്-വണ്ണപ്പുറം,
കരിമണ്ണൂർ-വെസ്റ്റ് കോടിക്കുളം,
ആർപ്പാമറ്റം-കരിമണ്ണൂർ,
വണ്ണപ്പുറം-തൊമ്മൻകുത്ത്,
വണ്ണപ്പുറം ബൈപ്പാസ് ,
ഇല്ലിച്ചുവട്-ചാലയ്ക്കാമുക്ക്-ചെറിയാൻപാറ,
വെസ്റ്റ് കോടിക്കുളം-പരിയാരം,
നെയ്യശേരി-തോക്കുമ്പേൽ,
കാഞ്ഞാർ-കറുകപ്പള്ളി,
കലയന്താനി- കുടയത്തൂർ