തൊടുപുഴ: മൂന്നാറിൽ നാളെ ഭൂസമര സമിതിയുടെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ച സത്യാഗ്രഹത്തിന് പൊലീസ് അനുമതി നിഷേധിച്ചത് പ്രതിഷേധാർഹമാണെന്ന് ഭൂസമര സമിതി സംസ്ഥാന നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മൂന്നാർ പെട്ടിമുടിയിൽ കഴിഞ്ഞ ആഗസ്റ്റ് 6 ന് നടന്ന ഉരുൾപൊട്ട ൽ ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്കും തോട്ടം തൊഴിലാളികൾക്കും കൃഷി ചെയ്യാനവശ്യമായ ഭൂമിയും വാസയോഗ്യമായ പാർപ്പിടവും ഉറപ്പ് വരുത്തി പുനരധിവസിപ്പിക്കണമെന്നും ദുരന്തത്തിനിടവരുത്തിയ സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് സത്യാഗ്രഹം നടത്തുന്നതിന് തീരുമാനിച്ചിട്ടുള്ളത്. കൊവിഡിന്റെ മറവിൽ ജനകീയ പ്രതിഷേധങ്ങളെ ഇല്ലാതാക്കാനുളള സർക്കാരിന്റെ ഹീനമായ നീക്കമാണിത്. പെട്ടി മുടി ദുരന്തത്തിന് ശേഷം ഭൂസമര സമിതി വസ്തുതാന്വേഷണ സംഘത്തെ നിയോഗിക്കുകയും സമിതി സമർപ്പിച്ച റിപ്പോർട്ടിൽ ടാറ്റാ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ കമ്പനിക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനോ ജനങ്ങൾക്കുണ്ടായ കഷ്ട നഷ്ടങ്ങൾക്ക് പരിഹാരം കാണുന്നതിന് കമ്പനിയിൽ നിന്ന് നഷ്ടം ഈടാക്കാനോ സർക്കാർ തയ്യാറായിട്ടില്ല. സർക്കാരിന്റെ ഹീനമായ നടപടികളിൽ പ്രതിഷേധിച്ച് ഭൂസമര സമിതിയുടെ നേതൃത്വത്തിൽ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എം കെ ദാസൻ, എം പി കുഞ്ഞിക്കണാരൻ, രാജേഷ് അപ്പാട്ട്, എ ഹരിദാസ് എന്നിവർ പങ്കെടുത്തു.