ചിന്നക്കനാലിൽ നിന്ന് മടങ്ങിപ്പോയത് മുപ്പതോളം അന്യസംസ്ഥാന തൊഴിലാളികൾ
തൊടുപുഴ: ഏലം ഫാക്ടറിയിലേയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് അന്യസംസ്ഥാനത്ത്നിന്നും എത്തിയവരെ ഏലത്തോട്ടത്തിൽ പണിക്ക് നിയോഗിച്ചു, പ്രതിഷേധിച്ച തൊഴിലാളികളെ പൊലീസ് ഇടപെട്ട് നാട്ടിലേക്ക് മടക്കി അയച്ചു. കേരളത്തിലെ തൊഴിലാളി ക്ഷാമം മുതലെടുത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പണിക്കാരെ എത്തിക്കുന്ന ഏജന്റുമാർ നടത്തിയ തൊഴിൽ തട്ടിപ്പാണ് ഇതോടെ പൊളിഞ്ഞത്.
ഒഡീഷയിൽ ഗൻജാം ജില്ലക്കാരായ മുപ്പതോളം തൊഴിലാളികളെ 'ഏലം ഫാക്ടറിയിൽ' ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് എറണാകുളം സ്വദേശിയായ ഏജന്റ് ചിന്നക്കനാലിൽ ബോബി സക്കറിയയുടെ ഏലത്തോട്ടത്തിൽ എത്തിച്ചത്. 475 രൂപ ദിവസക്കൂലിയും വാഗ്ദാനം ചെയ്തിരുന്നു. തൊഴിലാളികൾക്കൊപ്പം വൃദ്ധരും, സ്ത്രീകളും, കുട്ടികളും, കൈക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. തോട്ടത്തിൽ എത്തിയ ഇവർക്ക് ഉടമ താമസിക്കാൻ കെട്ടിടവും, ഭക്ഷണം പാകം ചെയ്യാൻ പാത്രങ്ങൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളും നൽകി. അന്യ സംസ്ഥാനത്ത് നിന്നും എത്തിയതായതിനാൽ ക്വാറന്റൈനിലായ ഇവർ തങ്ങളെ എത്തിച്ചിരിക്കുന്നത് ഏലം ഫാക്ടറിയിലേയ്ക്ക് അല്ലെന്നും ഏലത്തോട്ടത്തിലെ ജോലികൾക്കാണെന്നും പിറ്റേന്നാണ് മനസിലാക്കിയത്. പുരുഷന്മാർക്ക് 375 രൂപയും സ്ത്രീകൾക്ക് 350 രൂപയും കൂലി വീതമെ നൽകാനാകൂ എന്നും തോട്ടം അറിയിച്ചു.
ഇതോടെ തങ്ങൾ വലിയ കെണിയിലാണ് പെട്ടിരിക്കുന്നതെന്ന് ഇവർ സ്വദേശത്തേയ്ക്ക് വിളിച്ചറിയിച്ചു. .ഏജന്റിനെതിരെ ഇവർ തോട്ടം ഉടമയോട് പരാതിപ്പെടുകയും ജോലിചെയ്യില്ലെന്ന് അറിയിക്കുകയും ചെയ്തു. ഈ സമയം 'അടുത്ത ലോഡ്' ആളെ കയറ്റിക്കൊണ്ട് പോരാൻ ഒഡീഷയിൽ എത്തിയിരുന്ന ഏജന്റിന്റെ വാഹനത്തിലെ ജീവനക്കാരെ നാട്ടുകാർ അവിടെ തടഞ്ഞുവയ്ക്കുകയും ചെയ്തു. ക്വാറന്റൈനിലുള്ളവർ പ്രതിഷേധമുയർത്തിയ വിവരം തോട്ടം ഉടമ അറിയിച്ചതിനെ തുടർന്ന് ശാന്തൻപാറ പൊലീസ് ഇടപെട്ട് ഇടനിലക്കാരനെ വിളിച്ചുവരുത്തി പ്രശ്‌നം ചർച്ച ചെയ്യ്തു.തുടർന്ന് തൊഴിലാളികളെ സ്വദേശത്തേയ്ക്ക് മടക്കി അയയക്കാൻ തീരുമാനിക്കുകയുമായിരുന്നു. വ്യാഴാഴ്ച്ച രാത്രി ഇവരെ പ്രത്യേക വാഹനത്തിൽ എറണാകുളത്ത് എത്തിച്ച ശേഷം മറ്റൊരു വാഹനത്തിലാണ് ഒഡീഷയിലേയ്ക്ക് അയച്ചത്. പ്രശ്‌നപരിഹാരം ഉണ്ടയതോടെ ഒഡീഷയിൽ ബന്ദിയാക്കിയിരുന്നവരെ വിടുകയും ചെയ്തു.
മറ്റ് സംസ്ഥാനങ്ങളിലെ തൊഴിൽ ക്ഷാമവും, ഇടുക്കിയിലെ തൊഴിലാളിക്ഷാമവും മുതലെടുത്ത് ആയിരക്കണക്കിന് പേരെയാണ് പലവിധ വാഗ്ദാനങ്ങൾ നൽകി ഇടനിലക്കാർ എത്തിച്ചുകൊണ്ടിരിക്കുന്നത്. കബളിപ്പിക്കപ്പെട്ടത് തിരിച്ചറിഞ്ഞാലും ഭയം മൂലം പ്രതികരിക്കാനാകാതെ മിക്കവരും എത്തിപ്പെടുന്ന സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുകയാണ്.