തൊടുപുഴ: നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ലിസ്റ്റ് നിലവിൽ വന്നിട്ട് രണ്ടര വർഷം പൂർത്തിയാകാറായിട്ടും നിയമനങ്ങൾ വൈകുകയാണ്.നിലവിൽ 2500 ഉദ്യോഗാർഥികളാണ് ലിസ്റ്റിലുള്ളത്. ഇതിൽ 250 നിയമനങ്ങൾ മാത്രമാണ് ജില്ലയിൽ നടന്നത്. കഴിഞ്ഞ ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് ലിസ്റ്റിൽ നിന്ന് 630 നിയമനങ്ങൾ നടന്നിരുന്നതായി റാങ്ക് ഹോൾഡേഴ്സ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇനി എട്ടുമാസം മാത്രമാണ് ലിസ്റ്റിന്റെ കാലാവാധി തീരാനുള്ളത്. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഇക്കാലയളവിനുള്ളിലാണ് നടക്കുന്നത്. പെരുമാറ്റംച്ചട്ടം നിലവിൽ വന്നതിനാൽ നിയമനങ്ങൾ കുറയും. ഈ സർക്കാരിന്റെ തന്നെ സ്‌പെഷ്യൽ റൂൾ ഭേദഗതിയിലൂടെ നിലവിൽ വന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് റാങ്ക് ലിസ്റ്റാണ് നിലവിലുള്ളതെങ്കിലും ചരിത്രത്തിലെ ഏറ്റവും കുറവ് നിയമനമാണ് ഉണ്ടായിരിക്കുന്നത്. ഒഴിവുകൾ മുൻകൂറായി പി.എസ്.സിയെ അറിയിക്കണമെന്ന നിർദേശമുണ്ടായിരുന്നെങ്കിലും പല വകുപ്പുകളും ഇത് പാലിച്ചില്ല.. പ്രതീക്ഷിച്ച ഒഴിവുകൾ പോലും മുൻകൂറായി റിപ്പോർട്ട് ചെയ്തില്ല. ഇത്തരം ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണം.യൂണിവേഴ്‌സിറ്റികളിലെ നിയമനങ്ങളും പി.എസ്.സി വഴി നടത്താവൂയെന്നും ഇത് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ നിന്നും വേണമെന്നും അവർ ആവശ്യപ്പെട്ടു. ഇനിയും നടപടിയുണ്ടായില്ലെങ്കിൽ സമരം ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി. പത്രസമ്മേളനത്തിൽ റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വിജേഷ് മോഹൻ, വൈസ് പ്രസിഡന്റ് മനു സോമൻ, കമ്മിറ്റി അംഗം ജിഷ്ണു കെ.നായർ എന്നിവർ പങ്കെടുത്തു.