തൊടുപുഴ : കാത്തിരുന്ന ദിനം പ്രഖ്യാപിച്ചു, ഇനി മലനാടിന്റെ മുക്കിലും മൂലയിലും തിരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ നാളുകൾ. സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യ ദിനമായ ഡിസംബർ എട്ടിനാണ് ഇടുക്കിയിൽ തിരഞ്ഞെടുപ്പ് നടക്കുക. കൊവിഡ് നിബന്ധനകൾ പാലിച്ചുമാത്രമായിരിക്കണം പ്രചാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായി നിർദേശം നൽകിയിട്ടുണ്ട്. അതിനാൽ സാമൂഹിക മാധ്യമങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി പ്രചാരണം നടത്താനുള്ള ഒരുക്കങ്ങൾ പ്രമുഖ പാർട്ടികൾ തുടങ്ങിക്കഴിഞ്ഞു. ചിലയിടങ്ങളിൽ സ്ഥാനാർഥികളുമായി.ചുരുക്കം ചിലയിടങ്ങളിലൊഴികെ സ്ഥാനാർത്ഥികളെക്കുറിച്ച് ഏകദേശ ധാരണയിൽ മൂന്ന് മുന്നണികളും എത്തിയിട്ടുണ്ട്.
വീടുകൾ കയറിയുള്ള പ്രചാരണത്തിനും യോഗങ്ങൾക്കും നിയന്ത്രണം വന്നതോടെ ചരിത്രത്തിൽ ആദ്യമായി പുതിയ പ്രചാരണ തന്ത്രങ്ങൾക്കാണ് അരങ്ങൊരുങ്ങുന്നത്. കവലകളിലെ സ്റ്റേജുകളിൽ കയറി നിന്ന് ഘോരഘോരം പ്രസംഗിച്ചവരെ ഇനി കാണുക ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലായിരിക്കും. കൊട്ടിക്കലാശവും റോഡിലൂടെയുള്ള റാലിയുമൊന്നുമില്ലെങ്കിലും വെർച്വൽ ലോകത്തെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ഓളം സൃഷ്ടിക്കാൻ രാഷ്ട്രീയ പാർട്ടികൾ ഏജൻസികളെ തേടിത്തുടങ്ങി. ഓൺലൈൻ യോഗങ്ങളും, ചർച്ചകൾക്കുമുള്ള പ്ലാറ്റ്‌ഫോമുകളും റെഡിയായി. പ്രചാരണത്തിനായി വാർഡു തലത്തിൽ പോലും രാഷ്ട്രീയ പാർട്ടികൾ പ്രത്യേക വാട്ട്‌സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചുകഴിഞ്ഞു.

രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ

യോഗം ചൊവ്വാഴ്ച്ച

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച്ച് രാവിലെ 11ന് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ എച്ച്.ദിനേശൻ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ ആലോചനാ യോഗം വിളിച്ചു. ജില്ലാ പൊലീസ് മേധാവി, ബ്ലോക്ക് വരണാധികാരികൾ തുടങ്ങിയവർ സംബന്ധിക്കേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ അറിയിച്ചു.