ചെറുതോണി: ഭൂപതിവ് നിയമങ്ങൾ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് 75 ദിവസമായി ചെറുതോണിയിൽ നടന്നു വന്നിരുന്ന റിലേ സത്യഗ്രഹസമരം പഞ്ചായത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്നതിനാൽ താത്കാലികമായി നിറുത്തി വയ്ക്കുന്നതായി കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. ചെറുതോണിയിലെ റിലേ സത്യഗ്രഹ സമരപ്പന്തലിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം സർവ്വ കക്ഷി യോഗ തീരുമാനം അനുസരിച്ച് ഭൂപതിവ് നിയമങ്ങൾ ഭേദഗതി ചെയ്യുന്നില്ലെങ്കിൽ ജനുവരി ആദ്യവാരം മുതൽ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കൂടുതൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 75-ാം ദിവസത്തെ സമരത്തിനു നേതൃത്വം നൽകിയ കുടിയേറ്റ കർഷകനായ ജോസ് കുറുക്കൻ കുന്നേലിന് പി.ജെ. ജോസഫ് നാരങ്ങാ നീര് നൽകിയാണ് സത്യഗ്രഹം അവസാനിപ്പിച്ചത്. ശങ്കരൻ അളാട്ടിൽ, തങ്കച്ചൻ ഡി. ആറ്റുമ്മേൽ പോൾ ജോസഫ്, തോമസ് പാസ്റ്റർ എന്നിവർ സത്യഗ്രഹമനുഷ്ടിച്ചു. പ്രൊഫ. ജോസുകുട്ടി ജെ.ഒഴുകയിൽ, എം.ഡി. അർജുനൻ, ടിന്റു സുബാഷ്, ട്വിൻസ് ജെയിംസ് എന്നിവർ പ്രസംഗിച്ചു. സത്യാഗ്രഹസമാപനയോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി കെ. ഫ്രാൻസിസ് ജോർജ്, മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ, തോമസ് പെരുമന, നോബിൾ ജോസഫ് ജോയി കൊച്ചുകരോട്ട്, വർഗീസ് വെട്ടിയാങ്കൽ, ഷൈനി സജി, വി.എ. ഉലഹന്നാൻ, ഫിലിപ്പ് ജി. മലയാറ്റ്, എം.ജെ. കുര്യൻ, പ്രദീപ് ജോർജ്, അഡ്വ: എബി തോമസ്, വിൻസന്റ് വള്ളാടി, ബെന്നി പുതുപ്പാടി, വി.എം. സെലിൻ, കെ.കെ. വിജയൻ, വർഗീസ് സക്കറിയ, ടോമി തൈലംമനാൽ, സി.വി. തോമസ്, കെ.ആർ. സജീവ് കുമാർ, ടോമി കൊച്ചുകുടി, ഉദീഷ് ഫ്രാൻസിസ്, എബിൻ വാട്ടപ്പള്ളി, ജോയി കുടുക്കച്ചിറ, ഷിബിൻ നടയ്ക്കൽ, തോമസ് പുളിമൂട്ടിൽ, പി.ടി. ഡോമിനിക്, രാജൻ കുമ്പഴ, റോബിൻ വട്ടക്കാന, അജീഷ് നെല്ലിപ്പുഴകുന്നേൽ, കുര്യൻ കുമ്പാട്ട് എന്നിവർ പ്രസംഗിച്ചു.