തൊടുപുഴ: എൽ.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരിച്ചിട്ടുള്ള ബ്ലോക്ക് പഞ്ചായത്താണ് തൊടുപുഴ. നിലവിൽ എൽ.ഡി.എഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിൽ സിനോജ് എരിച്ചിരിക്കാട്ടാണ് പ്രസിഡന്റ്. പതിമൂന്ന് അംഗങ്ങളിൽ ഏഴ് പേരുടെ പിന്തുണയോടെയായിരുന്നു എൽ.ഡി.എഫ് ഭരണം നിലനിറുത്തിയിരുന്നത്. സി.പി.ഐ അംഗം രാജിവച്ചതിനെ തുടർന്ന് ഒരു വർഷം മുമ്പ് എൽ.ഡി.എഫിന് ഭരണം നഷ്ടമായിരുന്നു. തുടർന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കേരളകോൺഗ്രസ് (എം) ജോസ് വിഭാഗം അംഗം ജിമ്മി മറ്റത്തിപ്പാറ വിട്ടുനിന്നതോടെ നറുക്കെടുപ്പിൽ സിനോജ് തന്നെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ജോസ് വിഭാഗം കൂടി എൽ.ഡി.ഫിലേക്ക് എത്തിയതോടെ ഭരണം നിലനിറുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. യുവ നേതാവായ സിനോജിന്റെ നേതൃത്വത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നാണ് അവരുടെ പ്രതീക്ഷ. എന്നാൽ ബ്ലോക്ക് ഭരണം ഇത്തവണ തിരിച്ചു പിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. 13 ഡിവിഷനുകളുള്ള ഈ ബ്ലോക്ക് പഞ്ചായത്തിൽ കുമാരമംഗലം, മുട്ടം, ഇടവെട്ടി, കരിങ്കുന്നം, മണക്കാട്, പുറപ്പുഴ എന്നീ ആറു പഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്.
ആകെ- 13
കക്ഷിനില: സി.പി.എം- 5
കേരള കോൺഗ്രസ്- മൂന്ന്
കോൺഗ്രസ്- രണ്ട്
മുസ്ലിം ലീഗ്- ഒന്ന്
സി.പി.ഐ- ഒന്ന്
ജനപക്ഷം- ഒന്ന്
കുമാരമംഗലം
യു.ഡി.എഫിന്റെ കുത്തക പഞ്ചായത്താണ് കുമാരമംഗലം. യു.ഡി.എഫ്- 8, എൽ.ഡി.എഫ്- 2, ബി.ജെ.പി- 2, സ്വതന്ത്രൻ- 1 എന്നിങ്ങനെയാണ് കക്ഷിനില. 13 വാർഡുകളാണ് പഞ്ചായത്തിലുള്ളത്. ആദ്യ രണ്ട് വർഷം മുസ്ലിം ലീഗിലെ നിസാർ പഴേരിയും പിന്നീട് ഒന്നര വർഷം വീതം കോൺഗ്രസിലെ കെ.ജി സിന്ധുകുമാറും കേരളകോൺഗ്രസിലെ ലിന്റ സിബിനും പ്രസിഡന്റായി.
കരിങ്കുന്നം
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും വലതിനൊപ്പം നിന്ന പഞ്ചായത്ത്. 13 വാർഡുകളാണുള്ളത്. യു.ഡി.എഫ്- 10, എൽ.ഡി.എഫ്- 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. പിന്നീട് കോൺഗ്രസ് അംഗം കൂറുമാറി എൽ.ഡി.എഫിനൊപ്പം ചേർന്നു. ഇപ്പോൾ ഒരു കേരള കോൺഗ്രസ് അംഗം കൂടി എൽ.ഡി.എഫിലാണ്. കോൺഗ്രസിലെ ബിന്ദു ബിനുവാണ് പ്രസിഡന്റ്.
മണക്കാട്
ഒരു മുന്നണിയോടും പ്രത്യേക മമത പുലർത്താത്ത പഞ്ചായത്ത്. നിലവിൽ എൽ.ഡി.എഫിനാണ് ഭരണം. ആകെ 13 വാർഡുകളിലാണുള്ളത്. എൽ.ഡി.എഫ്- 7 യു.ഡി.എഫ്- 5, സ്വതന്ത്രൻ- 1 എന്നിങ്ങനെയാണ് കക്ഷിനില. സി.പി.എമ്മിലെ വത്സ ജോണാണ് നിലവിലെ പ്രസിഡന്റ്.
പുറപ്പുഴ
പി.ജെ. ജോസഫ് എം.എൽ.എയുടെ പഞ്ചായത്ത്. യു.ഡി.എഫിന് മേൽക്കൈയുള്ള പഞ്ചായത്തിൽ 13 വാർഡുകളാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസും കേരളകോൺഗ്രസും തമ്മിൽ സൗഹൃദ മത്സരം നടന്നു. കേരളകോൺഗ്രസ്- 9, കോൺഗ്രസ്- 2, എൽ.ഡി.എഫ്- 2 എന്നിങ്ങനെയാണ് കക്ഷിനില. കേരളകോൺഗ്രസിലെ ഏലിക്കുട്ടി മാണിയാണ് നിലവിലെ പ്രസിഡന്റ്.
മുട്ടം
ഇടത് വലത് മുന്നണികൾ മാറി മാറി ഭരിക്കുന്ന പഞ്ചായത്താണ് മുട്ടം. സി.പി.എം- 5, സി.പി.ഐ- 1, കോൺഗ്രസ്- 3, കേരളകോൺഗ്രസ് ജോസഫ്- 3 സ്വതന്ത്ര- 1. കഴിഞ്ഞ തവണ ആറ് സീറ്റുകളിൽ യു.ഡി.എഫും ആറിൽ എൽ.ഡി.എഫും വിജയിച്ചു. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് റിബലായി മത്സരിച്ച് വിജയിച്ച കുട്ടിയമ്മ മൈക്കിൾ പ്രസിഡന്റായി. ആദ്യ രണ്ട് വർഷം പഞ്ചായത്തിൽ യു.ഡി.എഫാണ് ഭരിച്ചത്. പിന്നീട് കുട്ടിയമ്മ എൽ.ഡി.എഫ് പിന്തുണയിൽ വീണ്ടും പ്രസിഡന്റായി.
ഇടവെട്ടി
മൂന്ന് തവണയൊഴികെ എല്ലാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് ഭരണം ലഭിച്ച പഞ്ചായത്ത്. നിലവിൽ കേരളകോൺഗ്രസ് (എം) ജോസഫ് വിഭാഗത്തിലെ സിബി ജോസാണ് പ്രസിഡന്റ്. യു.ഡി.എഫ് എട്ട് (കോൺഗ്രസ്- 4, കേരളകോൺഗ്രസ് ജോസഫ്- 2, മുസ്ലിംലീഗ്- 2) എൽ.ഡി.എഫ്- 5 എന്നിങ്ങനെയാണ് കക്ഷിനില. പിന്നീട് എൽ.ഡി.എഫിലെ ഒരംഗത്തെ അയോഗ്യനാക്കി.