 ഇത് നമ്മുടെ മിനി ആതിരപ്പിള്ളി

തൊടുപുഴ: മഴക്കാലത്ത് മിടുക്കിയാകുന്ന ഒരു മിനി ആതിരപ്പിള്ളി വെള്ളച്ചാട്ടമുണ്ട് ഇടുക്കി കഞ്ഞിക്കുഴിയിൽ. പുന്നയാറെന്നാണ് ഈ പുന്നാര വെള്ളച്ചാട്ടത്തിന്റെ പേര്. മൈലാപ്പുഴയുടെ അടിവാരത്ത് നിന്ന് പിറവിയെടുക്കുന്ന പഴയരികണ്ടം പുഴ ചെറുതോടുകളുടെ കൂടിചേരലുകളാൽ കിലോമീറ്ററുകളോളം നുരഞ്ഞ് പതഞ്ഞൊഴുകി പുന്നയാറിൽ പതിക്കുന്നു. അധികമാരും എത്തിയിട്ടില്ലാത്ത ഈ ജലധാര കാണാൻ തൊടുപുഴ- വണ്ണപ്പുറം റൂട്ടിൽ 40 കി.മീ സഞ്ചരിച്ചാൽ മതി. ആലപ്പുഴ- മധുര സംസ്ഥാന പാതയിൽ കഞ്ഞിക്കുഴിക്കടുത്ത് വട്ടോൻപാറ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് ഇറക്കമിറങ്ങി രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാൽ പുന്നയാർ എത്താം. ഇവിടെ പുന്നയാർ വെള്ളച്ചാട്ടം എ എന്നും ബി എന്നും ബോർഡ് കാണാം ഇവിടെനിന്ന് മണ്ണിട്ട പാതയിലൂടെ ഒരു കിലോമീറ്ററോളം താഴേക്ക് നടന്നാൽ എ വെള്ളച്ചാട്ടമായി. മുകളിലേക്ക് പോയാൽ ചെറിയ വെള്ളച്ചാട്ടമായ ബി കാണാം. നിറയെ വലിയ പാറക്കഷ്ണങ്ങളായതിനാൽ സൂക്ഷിച്ചില്ലെങ്കിൽ അപകടം സംഭവിക്കാം. ഒക്ടോബർ മുതൽ ഡിസംബർ വരെ മാത്രമാണ് പുന്നയാർ വെള്ളച്ചാട്ടത്തിന് ഈ പ്രതാപമുണ്ടാകൂ. വെള്ളച്ചാട്ടത്തിലേക്ക് പോകും വഴി ഇടത് ഭാഗത്ത് അതിമനോഹരമായ വ്യൂ പോയിന്റുമുണ്ട്.