രാജാക്കാട്: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി രാജാക്കാട് ലയൺസ് ക്ലബും ഹെൽപ്പിംഗ് ഹാൻഡ് എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് നിർമിച്ചുനൽകുന്ന 15 വീടുകളിൽ നാലാമത് വീടിന്റെ താക്കോൽദാനം നടത്തി. കലുങ്കുസിറ്റി ചിമ്മിനിക്കാട്ട് ബിജുവിന്റെ വീടിന്റെ താക്കോൽദാനമാണ് നടത്തിയത്. വലതുകാലിലുണ്ടായ മുറിവിനെതുടർന്ന് കാൽമുട്ടിനുതാഴെ മുറിച്ചുമാറ്റി കൃത്രിമക്കാലിന്റെ സഹായത്തോടെ നടക്കുന്ന ബിജുവിന് കൃഷിജോലികൾ ചെയ്യുന്നതിന് പ്രയാസമായപ്പോൾ വാസയോഗ്യമായ വീടെന്ന സ്വപ്നം പാതിവഴിയിൽ നിലച്ചു. ഇതേതുടർന്നാണ് ഭാര്യയും സ്‌കൂൾ വിദ്യാർഥികളായ രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ദുരിതം തിരിച്ചറിഞ്ഞ രാജാക്കാട് ലയൺസ് ക്ലബ് സഹായഹസ്തവുമായി എത്തിയത്. ചേലച്ചുവട് ദുർഗാദേവിക്ഷേത്രത്തിനു സമീപത്തുളള ബിജുവിന്റെ പഴയ വീട് സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് പുതിയ വീട് നിർമിച്ചത്. താക്കോൽദാനം ലയൺസ് ക്ലബ് ഡിസ്ട്രിക്ട് മുൻ ഗവർണർ രാജേഷ് കൊളാരിക്കൽ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ, രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി എന്നിവർചേർന്ന് നിർവഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് ജെയിംസ് തെങ്ങുംകുടി അദ്ധ്യക്ഷത വഹിച്ചു.