ചെറുതോണി:വലിയമാവി നോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന ആദിവാസികളായ ജനങ്ങളോട് മാറി മാറി വന്ന സർക്കാരുകൾ കടുത്ത അവഗണനയാണ് കാട്ടുന്നത്. നാളിതുവരെയായി ഗതാഗതയോഗ്യമായ റോഡ് പോലും ഒരുക്കിക്കൊടുക്കാൻ ത്രിതല പഞ്ചായത്തുകളും സർക്കാരും തയ്യാറായിട്ടില്ല.
അറക്കുളം പഞ്ചായത്തിന്റെ നാലാം വാർഡ് ഉൾപ്പെടുന്ന പ്രദേശമാണ് കുളമാവിലെ വലിയ മാവ്. പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന ആളുകളാണ് കഴിഞ്ഞ ആറു പതിറ്റാണ്ടായി പൂർണമായും ഇവിടെ താമസിച്ചു വരുന്നത്. ഉടുമ്പന്നൂർ പാറമട റോഡിലെ ഉപ്പു കുന്നിൽ നിന്നും, കുളമാവ് ഇടുക്കി സംസ്ഥാന പാതയിലെ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വക വെയിറ്റിംഗ് ഷെഡ് ഇരിക്കുന്ന കവലയിൽ നിന്നുമായി രണ്ട് റോഡുകൾ ആണ് വലിയ മാവിലേയ്ക്ക് ഉള്ളത്. എന്നാൽ ഈ രണ്ടു റോഡുകളും ഗതാഗത യോഗ്യമല്ല. മഴക്കാലത്ത് റോഡ് ചെളിയാവുന്നതോടെ വാഹനങ്ങൾ കടന്നുചെല്ലാത്തതിനാൽ അവശ്യ കാര്യങ്ങൾക്ക് പോലും പുറം ലോകവുമായി ബന്ധപെടാനാവാതെ ദുരിതത്തിലുമാണ് ഈ ദ്രേശത്തെ ജനങ്ങൾ. ഇടുക്കി നിയോജക മണ്ഡലത്തിലാണ് വലിയ മാവ് ആദിവാസി മേഖല സ്ഥിതി ചെയ്യുന്നത്.