മുട്ടം : മേലുകാവിലൂടെ നാൽപ്പത് വർഷം സർവ്വീസ് നടത്തിവന്നിരുന്ന മൂലമറ്റം- തിരുവനന്തപുരം കെ.എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ റൂട്ട് മാറ്റി ഓടിക്കുന്നതിൽ പ്രതിഷേധം. ഈ ഭാഗത്തുള്ള നിരവധി നാട്ടുകാരും ഉദ്യോഗസ്ഥരുമാണ് തലസ്ഥാന നഗരിയിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വർഷങ്ങളായി ഈ ബസിൽ യാത്ര ചെയ്തിരുന്നത്.തൊടുപുഴ -മൂലമറ്റം റൂട്ടിൽ തിരുവനന്തപുരത്തേയ്ക്ക് നിരവധി ബസുകൾ ചെറിയ ഇടവേളകളിൽ ഉണ്ട് എന്നിരിക്കെയാണ് മലയോര മേഖലയെ അവഗണിച്ചു കൊണ്ട് ഈ ബസ് റൂട്ട് മാറി ഓടുന്നത്.
മേലുകാവ് കാഞ്ഞിരപ്പള്ളി മലയോര പാത ശബരിമലയിലേയ്ക്കുള്ള ഏറ്റവും ദൂരക്കുറവുള്ളതും മികച്ച രീതിയിൽ പണി തീർത്തതുമാണ് എന്നിരിക്കെ,നല്ല കളക്ഷനും ലഭിച്ചിരുന്നു.രാത്രി 8 മണിയോടെ സ്വകാര്യ ബസുകൾ ഈ വഴിയുള്ള യാത്ര അവസാനിപ്പിക്കും. പിന്നീട് പുറം ലോകത്തേയ്ക്കുള്ള യാത്രാ സൗകര്യം അടയും.നിലവിലെ സാഹചര്യത്തിൽ രാവിലെ 6.40 നാണ് ഇരുവശങ്ങളിലേയ്ക്കുമായി പിന്നീട് ബസ് യാത്രാ സൗകര്യം ഉള്ളത്.