തൊടുപുഴ: ആരെട്രോളാൻ അവസരം കിട്ടിയാലും മലയാളികൾ വിടുമോ, അത് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജിതനായ ട്രംപിനെയാണെങ്കിലും ട്രോളിയേ വിടൂ. രണ്ട് ദിവസമായി വാട്സ്അപ്പ് ഗ്രൂപ്പുകളിൽ ഡൊണാൾഡ് ട്രംപ് തന്നെയാണ് താരം.അതിന് പറ്റിയ ഒരു പാട്ടും കിട്ടി. "പൊട്ടിക്കരഞ്ഞുകൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..." എന്ന സൂപ്പർഹിറ്റ് മലയാളഗാനം പാടുന്നതായി അവതരിപ്പിച്ച് ട്രംപിനെ നല്ല അസലായാണ് ട്രോളിയിരിക്കുന്നത്.അഭിമാനം എന്ന സിനിമയ്ക്ക് വേണ്ടി ശ്രീകുമാരൻതമ്പി എഴുതിയ ഗാനം യേശുദാസ് പാടി നസീർ അഭിനയിച്ച് സൂപ്പറാക്കിയ സിനിമയെ വെല്ലുന്നവിധമാണ് ട്രംപിലൂടെ അവതരിപ്പിച്ചത്. ട്രംപും ഭാര്യയും നടന്ന് നീങ്ങുന്നതും ഇടയ്ക്ക് വന്ന് നല്ല ഭാവാഭിനയം കാഴ്ച്ച വെയ്ക്കുന്ന നരേന്ദ്രമോദിയുമൊക്കെ രംഗം കൊഴുപ്പിക്കുന്നുണ്ട്. പാട്ടിലെ വരികൾ സന്ദർഭവുമായി ശരിക്കും ഇണങ്ങി ട്രംപിന്റെ അവസ്ഥയുമായി ഇത്രമാത്രം താതാത്മ്യം പ്രാപിച്ചത് കൊണ്ട് തന്നെയാവണം രാഷ്ട്രീയത്തെ അകറ്റിനിർത്തുന്ന ഗ്രൂപ്പുകളിൽപ്പോലും സംഗതി ക്ളിക്കായത്.
ചില വിരുതൻമാർ ടിഫ് ഇട്ട് മറ്റൊരു തരത്തിലും ട്രംപിനെ ട്രോളി. ഡൊണാൾഡ് ട്രംപ് ലഫ്ട് ദി ഗ്രൂപ്പ് എന്ന ടിഫ് ഗ്രൂപ്പിലിട്ട് ആദ്യമൊക്കെ ഗ്രൂപ്പംഗങ്ങളെ കൺഫ്യൂഷനിലാക്കിയവരുമുണ്ട്. ട്രംപും നമ്മുടെ ഗ്രൂപ്പിലോ എന്ന് സംശയിക്കുന്ന വിധത്തിൽ ഇട്ട പോസ്റ്റ് പിന്നീടാണ് പലർക്കും ക്ളിക്കായത്..എന്തായാലും കിട്ടിയ അവസരം ട്രംപിനെപരമാവധി സോഷ്യൽമീഡിയ ഉപയോഗപ്പെടുത്തി. ഒന്ന് മറ്റൊന്നിന് വളമാകുമെന്നത്പോലെ ട്രംപിലേയ്ക്ക് തിരിഞ്ഞപ്പോൾ കേരളത്തിലെ സമകാലീന രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ട്രോളുകൾക്ക് പലരും ഇടവേള കൊടുത്തു.