തൊടുപുഴ: പിണറായി വിജയന്റെ ഭരണത്തിൻ കീഴിൽ വികസനമെന്നാൽ അഴിമതിയായി മാറിയിരിക്കുകയാണന്നും അഴിമതിക്കെതിരെയുള്ള പോരാട്ടമായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പെന്നും യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. തൊടുപുഴയിൽ യുഡിഎഫ് ജില്ലാ നേതൃയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യം യുഡിഎഫ് ഉയർത്തിപ്പിടിക്കും. ഒരോ ദിവസവും സർക്കാരിനെതിരായി ഞെട്ടിക്കുന്ന അഴിമതിയുടെ വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. നരേന്ദ്രമോദി സർക്കാർ കരിനിയമങ്ങൾ കൊണ്ടുവന്ന് കർഷകരെ ദ്രോഹിക്കുന്നതിന് തുല്യമായി ഇടുക്കി ജില്ലയിൽ ഭൂപതിവ് ചട്ട ഭേദഗതി ഉൾപ്പടെയുള്ള വിഷയങ്ങളിൽ പിണറായി സർക്കാർ വഞ്ചന കാട്ടുകയാണന്ന് അദ്ദേഹം പറഞ്ഞു.
എം സി കമറുദ്ദീൻ എംഎൽഎയുടെ അറസ്റ്റ് തികച്ചും രാഷ്ട്രീയപ്രേരിതമാണ്. അന്വേഷണം നടത്താതെ തിരക്ക് പിടിച്ച് അറസ്റ്റ് ചെയ്തത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ്. പ്രതിപക്ഷത്തിനെതിരെ പ്രതികാര രാഷ്ട്രീയമാണ് സിപിഎം സ്വീകരിക്കുന്നത്. സർക്കാരിനെ തിരെ ഉയർന്ന ആരോപണങ്ങളും വിവിധ ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണങ്ങളും മറച്ചുവയ്ക്കാനുള്ള പാഴ്ശ്രമം മാത്രമാണിത്. കോടതി പോലും തള്ളിക്കളഞ്ഞ കേസുകൾ പൊടിതട്ടിയെടുത്ത് കേസെടുക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഓലപ്പാമ്പ് കാട്ടി യുഡിഎഫിനെ വിരട്ടാൻ നോക്കേണ്ടന്നും അദ്ദേഹം പറഞ്ഞു.