നെടുങ്കണ്ടം: വീട്ടുകാർ വഴക്ക് പറഞ്ഞതിൽ മനംനൊന്ത് ബി.ടെക് വിദ്യാർഥിനി കുളത്തിൽ ചാടി ജീവനൊടുക്കി. കമ്പംമേട് മുങ്കിപ്പള്ളത്ത് കടുവാപ്പറമ്പിൽ നീന (25)യാണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്നലെ രാവിലെ 11.30നാണ് സംഭവം . സംഭവത്തെക്കുറിച്ച് കമ്പംമെട്ട് പൊലീസ് പറയുന്നതിങ്ങനെ: രാവിലെ പള്ളിയിൽ പോയി വീട്ടുകാർ തിരിച്ചെത്തിയപ്പോൾ മകൾ വീട്ടുജോലി ചെയ്തിരുന്നില്ല. ഇതിനെച്ചൊല്ലി മകളെ വീട്ടുകാർ ശകാരിച്ചിരുന്നു. ഇതിൽ മനംനൊന്താണ് കുളത്തിൽ ചാടി യുവതി ആത്മഹത്യ ചെയ്തത്. വഴക്ക് പറഞ്ഞതിനെ തുടർന്ന് വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങി പോയ നീനയെ അന്വേഷിച്ച് മാതാവ് എത്തിയപ്പോൾ മകൾ കുളത്തിൽ ചാടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി പുറ്റടിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണമടഞ്ഞു.കമ്പംമെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.