തൊടുപുഴ: സർക്കാർ സേവനം ചെയ്യുന്നവരുടെ സമുദായം തിരിച്ചുള്ള പട്ടിക പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴയിൽ കവി സുകുമാർ അരിക്കുഴയുടെ ഒറ്റയാൾ പോരാട്ടം. തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ ഗാന്ധിയൻ വേഷത്തിലായിരുന്നു പ്രതിഷേധം. സംവരണം ദാരിദ്ര്യ നിർമാർജന പദ്ധതിയായി ഭരണഘടനയിൽ ചേർത്തതലല്ലെന്ന് അദ്ദേഹം പറഞ്ഞു. അയിത്തം കൽപ്പിച്ച് സാമൂഹികമായി അകറ്റി നിറുത്തപ്പെട്ട സമുദായങ്ങൾക്കും അധികാരത്തിൽ പങ്കാളിത്തം ലഭിക്കാനായി ഭരണഘടനയിൽ എഴുതി ചേർത്തതാണ് സംവരണം. സർക്കാർ സേവനത്തിൽ ഓരോ സമുദായത്തെയും പ്രതിനിധാനം ചെയ്യുന്നവർ എത്രയുണ്ടെന്ന കണക്ക് പരസ്യപ്പെടുത്താൻ തയ്യാറാകുന്നില്ല. സത്യം മറച്ചുപിടിച്ച് വളഞ്ഞ വഴിയിലൂടെ അയിത്തം കൊണ്ട് അകറ്റി നിറുത്തിയവരെ സർക്കാരുകൾ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അനീതികൾക്കെതിരെ ഇത്തരം ഒറ്റയാൾ സമരങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സുകുമാർ അരിക്കുഴ. ഏകദിന ഉപവാസ വേദിയിൽ അദ്ദേഹത്തിന് പിന്തുണയുമായി സാമൂഹിക- സാംസ്കാരിക രംഗത്തെ നിരവധിപ്പേർ രംഗത്തെത്തി. തൊമ്മൻകുത്ത് ജോയി, അബ്ദുൾ സമദ്, സെബാസ്റ്റ്യൻ എബ്രഹാം, എം.എൻ. ജയചന്ദ്രൻ തുടങ്ങിയവർ ഉപവാസത്തിന് പിന്തുണയേകി.