കുമളി: ബിവറേജസ് ഔട്ട്‌ലെറ്റ് എവിടെയെങ്കിലും നഷ്ടത്തിൽ പ്രവർത്തിക്കുന്നുണ്ടോ.... കുമളിയിൽ അത്തരമൊരു ഔട്ട്‌ലെറ്റ് ഉണ്ടെന്നാണ് ബിവറേജസ് കോർപ്പറേഷന്റെ രേഖകളിൽ പറയുന്നത്. ദേശീയ പാതയോരങ്ങളിലുള്ള മദ്യശാലകൾക്ക് നിരോധനം ഏർപ്പെടുത്തിയ 2016ലെ സുപ്രീംകോടതി വിധിയെ തുടർന്ന് കുമളിയിൽ നിന്ന് മാറ്റിയ ബിവറേജസ് ഔട്ട്‌ലെറ്റ് തിരികെ ടൗണിലേക്ക് കൊണ്ടുവരാത്തതതാണ് നഷ്ടക്കണക്കിന് കാരണമായത്. കോടതി നിരോധന ഉത്തരവ് നീക്കിയിട്ടും ടൗണിൽ നിന്ന് അഞ്ച് കിലോ മീറ്റർ അകലെ അട്ടപ്പള്ളത്താണ് ഇപ്പോഴും ഔട്ട്‌ലെറ്റ് പ്രവർത്തിക്കുന്നത്. അതും മാസം ഒരു ലക്ഷത്തിലേറെ രൂപ വാടക നൽകിയാണ് പ്രവർത്തനം. ടൗണിൽ പ്രവർത്തിക്കുമ്പോൾ പ്രതിദിനം 10 ലക്ഷം രൂപയുടെ കച്ചവടം ഉണ്ടായിരുന്ന ഔട്ട്‌ലെറ്റിൽ ഇപ്പോൾ വ്യാപാരം ആറ് ലക്ഷമായി കുറഞ്ഞു. സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഇത്രയും ദൂരമെത്തി മദ്യം വാങ്ങുന്നത് നിറുത്തിയതാണ് ഈ ഇടിവിന് കാരണം. അട്ടപ്പള്ളത്ത് പോയി മദ്യം വാങ്ങണമെങ്കിൽ ആട്ടോറിക്ഷ വിളിച്ച് വേണം പോകാൻ. ഇവിടെ പൊതുഗതാഗത സംവിധാനങ്ങളൊന്നും തന്നെയില്ല. റോഡിന്റെ അവസ്ഥ മോശമായതിനാൽ വിനോദസഞ്ചാരികളും ഇവിടേക്ക് പോകാറില്ല. , ഔട്ട്‌ലെറ്റിൽ നിന്ന് കൂടുതൽ അളവിൽ മദ്യം വാങ്ങി ടൗണിലെത്തിച്ച് വിനോദസഞ്ചാരികൾക്കടക്കം നൽകുന്ന അനധികൃത വിൽപ്പനക്കാരും സജീവമാണ്. സുപ്രീകോടതി ദേശീയപാതയിലെ മദ്യനിരോധന ഉത്തരവ് നീക്കിയതിനെ തുടർന്ന് മൂന്ന് വർഷം മുമ്പ് ഔട്ട്‌ലെറ്റുകൾ ടൗണിലേക്ക് മാറ്റണമെന്ന് ബിവറേജസ് കോർപ്പറേഷൻ അധികൃതർ സംസ്ഥാനത്തെ എല്ലാ ഏരിയാ മാനേജർമാർക്കും ഉത്തരവ് നൽകിയിരുന്നു. തുടർന്ന് അഞ്ചിലധികം പേർ കുറഞ്ഞ വാടകയ്ക്ക് കെട്ടിടം നൽകാൻ തയ്യാറാണെന്ന് അറിയിച്ച് കോർപ്പറേഷൻ മാനേജർക്ക് കത്തും നൽകിയിരുന്നു. സ്ഥലത്തെ ചില രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും താത്പര്യപ്രകാരമാണ് ഔട്ട്‌ലെറ്റ് മാറ്റാത്തതെന്ന് ആക്ഷേപമുണ്ട്.

ലക്ഷങ്ങൾ വെള്ളത്തിലാക്കി മദ്യശാല

മാസം ഒരുലക്ഷത്തി അയ്യായിരം രൂപയാണ് കോർപ്പറേഷൻ വാടക ഇനത്തിൽ ഇപ്പോൾ നൽകുന്നത്. നേരത്തെ ടൗണിൽ പ്രവർത്തിക്കുമ്പോൾ വാടക വെറും 20,000 രൂപയിൽ താഴെയായിരുന്നു. ഇത് കൂടാതെ വ്യാപാരത്തിലും പകുതിയോളം ഇടിവുണ്ടായി. 2019 ഡിസംബറിൽ അയർക്കുന്നം വെയർഹൗസ് മാനേജർ കുമളി ഷോപ്പിൽ നടത്തിയ പരിശോധനയിൽ ഈ ഔട്ട്‌ലെറ്റ് മൂലം കോർപ്പറേഷൻ ഏഴ് കോടി രൂപയോളം വാർഷിക നഷ്ടം ഉണ്ടാകുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഔട്ട്‌ലെറ്റ് എത്രയും വേഗം മാറ്റി സ്ഥാപിക്കണമെന്നും ഇൻസ്പെക്ഷൻ രജിസ്ട്രറിൽ മാനേജർ രേഖപ്പെടുത്തിയിരുന്നു.