നെടുങ്കണ്ടം: ഏഴു പഞ്ചായത്തുകളിലായി 13 ഡിവിഷനുകൾ ഉൾപ്പെടുന്നതാണ് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്‌. തുടക്കം മുതൽ എൽ.ഡി.എഫിന്റെ കുത്തകയായിരുന്ന ബ്ലോക്ക് കഴിഞ്ഞ രണ്ടു തവണയായി യു.ഡി.എഫാണ് ഭരിക്കുന്നത്. നിലവിൽ കോൺഗ്രസിന് എട്ട് അംഗങ്ങളും സി.പി.എമ്മിന് നാലംഗങ്ങളും കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗത്തിന് ഒരംഗവുമാണുള്ളത്. കോൺഗ്രസ് നേതാവ് ശ്രീമന്ദിരം ശശികുമാറായിരുന്നു ആദ്യ പ്രസിഡന്റ്. രണ്ടര വർഷം പ്രസിഡന്റായിരുന്ന ശശികുമാറിനെ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ തുടർന്ന് അവിശ്വാസത്തിലൂടെ പുറത്താക്കി. തുടർന്ന് ഒമ്പത് മാസം മുകേഷ് മോഹനും പിന്നീട് റെജി പനച്ചിക്കലും പ്രസിഡന്റായി. ബ്ലോക്കിന്റെ കീഴിൽ വരുന്ന നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം, സേനാപതി പഞ്ചായത്തുകൾ യു.ഡി.എഫും ഉടുമ്പൻചോല, രാജാക്കാട്, രാജകുമാരി പഞ്ചായത്തുകൾ എൽ.ഡി.എഫുമാണ് ഭരിക്കുന്നത്.

നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്ത്

 ആകെ ജനസംഖ്യ: 155116

പുരുഷൻമാർ- 77160

സ്ത്രീകൾ- 77950


നെടുങ്കണ്ടം

പ്രത്യേകിച്ച് ഒരു മുന്നണിയോടും പ്രതിബദ്ധതയില്ലാത്ത പഞ്ചായത്താണ് നെടുങ്കണ്ടം. രണ്ട് തവണയായി യു.ഡി.എഫിനാണ് ഭരണം. യു.ഡി.എഫ്- എട്ട്, എൽ.ഡി.എഫ്- നാല് എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. കോൺഗ്രസ് റിബലായി വിജയിച്ചവർ പാർട്ടിയിൽ ചേർന്നതും കേരള കോൺഗ്രസിന്റെ മൂന്ന് അംഗങ്ങളുമടക്കമാണ് യു.ഡി.എഫിന് എട്ട് പേർ. പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണ സീറ്റാണ്. കോൺഗ്രസിലെ എസ്. ജ്ഞാനസുന്ദരമാണ് നിലവിലെ പ്രസിഡന്റ്.


പാമ്പാടുംപാറ
ഇടതുവലതു മുന്നണികളോട് ഒരേപോലെ മമതയുള്ള പഞ്ചായത്താണിത്. ഒപ്പം ബി.ജെ.പി അക്കൗണ്ട് തുറന്ന പഞ്ചായത്തും. നിലവിൽ ഭരണം യു.ഡി.എഫിനാണ്. 16 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസിന് ഒമ്പതും കേരള കോൺഗ്രസിന് ഒന്നും സി.പി.എമ്മിന് അഞ്ചും ബി.ജെ.പിക്ക് ഒരംഗവുമാണുള്ളത്. ആദ്യ രണ്ട് വർഷം മിനി ടോമി കരിയിലക്കുളവും തുടർന്നുള്ള രണ്ട് വർഷം ആരിഫ അയൂബും അവസാന ഒരു വർഷം ഉഷ സുധാകരനുമാണ് പ്രസിഡന്റായത്.

കരുണാപുരം

34 വർഷം ചുവപ്പ് കോട്ടയായിരുന്ന പഞ്ചായത്ത് കഴിഞ്ഞ രണ്ട് ടേമുകളിൽ യു.ഡിഎഫ് ഭരിക്കുന്നത്. 17 അംഗ പഞ്ചായത്തിൽ യു.ഡി.എഫ് 12, എൽ.ഡി.എഫ് അഞ്ച് എന്നിങ്ങനെയാണ് കക്ഷി നില. ആദ്യം പ്രസിഡന്റായ ശിവപ്രസാദ് തണ്ണിപ്പാറയ്ക്കെതിരെ യു.ഡി.എഫ് അംഗങ്ങൾ തന്നെ രംഗത്ത് വന്നതോടെ രാജിവച്ചു. തുടർന്ന് കോൺഗ്രസിലെ ടോമി പ്ലാവുവെച്ചതിൽ പ്രസിഡന്റായി.

സേനാപതി

40 വർഷത്തിന് ശേഷം യു.ഡി.എഫ് അധികാരം പിടിച്ച പഞ്ചായത്ത്. 13 അംഗ പഞ്ചായത്തിൽ യു.ഡി.എഫ്- ഏഴ്, എൽ.ഡി.എഫ്- 6 എന്നിങ്ങനെയാണ് കക്ഷി നില. ആദ്യ രണ്ടുവർഷം ജോണി മമ്പള്ളിയായിരുന്നു പ്രസിഡന്റ്. അവസാന വർഷം വീണ്ടും നൽകാമെന്ന് ഉറപ്പുനൽകി ജോസ് തോമസ് കാഞ്ഞിരക്കോണത്തെ പ്രസിഡന്റാക്കി. എന്നാൽ, ഇത് നടപ്പാകാതെ വന്നതോടെ ജോണി പഞ്ചായത്ത് മെമ്പർ സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ചു. ഇതോടെ ഇപ്പോൾ സീറ്റ് നില തുല്യമാണ്.

ഉടുമ്പൻചോല

രൂപീകരണം മുതൽ എൽ.ഡി.എഫിന്റെ ഉരുക്കുകോട്ടയാണ്. 14 അംഗ പഞ്ചായത്തിൽ 12 അംഗങ്ങളും സി.പി.എമ്മാണ്. സി.പി.ഐയ്ക്കും കോൺഗ്രസിനും ഒരു സീറ്റ് വീതമാണുള്ളത്. സി.പി.എമ്മിലെ ശശികലാ മുരുകേശനാണ് പ്രസിഡന്റ്.

രാജാക്കാട്

പൊതുവെ യു.ഡി.എഫ് അനുകൂല പഞ്ചായത്താണെങ്കിലും നിലവിൽ എൽ.ഡി.എഫാണ് ഭരിക്കുന്നത്. 13 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് ഏഴും യു.ഡി.എഫിന് ആറ് സീറ്റുമാണുള്ളത്. മന്ത്രി എം.എം. മണിയുടെ മകൾ സി.പി.എമ്മിലെ സതി കുഞ്ഞുമോൻ ആണ് പ്രസിഡന്റ്.

രാജകുമാരി

ഇടതിന് സ്വാധീനമുള്ള പഞ്ചായത്ത്. 13 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫ്- ഏഴ്, യു.ഡി.എഫ്- ആറ് എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. 2015ൽ ഇരുമുണികൾക്കും തുല്യ സീറ്റുകൾ ലഭിച്ചപ്പോൾ നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ഭരണം ലഭിച്ചു. നാല് വർഷം ഭരിച്ചതിന് ശേഷം കോൺഗ്രസ് അംഗം കൂറുമാറി എൽ.ഡി.എഫ് സഹായത്തോടെ പ്രസിഡന്റായി.