ചെറുതോണി: എല്ലാ വകുപ്പുകളുടെയും ജില്ലാ ഓഫീസുകൾ ഹെഡ്ക്വാർട്ടേഴ്സിൽ പ്രവർത്തിക്കണമെന്ന സർക്കാർ ഉത്തരവിന് പൂർണമായും അവഗണിച്ച് എക്‌സൈസ് ഡിവിഷൻ ഓഫീസ് . സംസ്ഥാനത്തെ മറ്റ് പതിമൂന്ന് ജില്ലകളിലും എക്‌സൈസ് ജില്ലാ ഓഫീസ് ഹെഡ്ക്വാർട്ടേഴ്സിലാണ് പ്രവർത്തിച്ചുവരുന്നത്.
എക്‌സൈസ് ജില്ലാ ഓഫീസിനായി 2004ൽ ഒന്നരകോടി രൂപ ചെലവഴിച്ച് പൈനാവിൽ ഓഫീസ് കോംപ്ലക്സ് നിർമ്മിച്ച് കാത്തിരിക്കുന്നതാണ്. എക്‌സൈസ് ഇൻസ്‌പെക്ടർ, അഡിഷണൽ എക്‌സൈസ് ഇൻസ്‌പെക്ടർ ക്വാർട്ടേഴ്സുകളും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. കൂടാതെ എക്‌സൈസ് കോംപ്ലക്സിനോട് ചേർന്ന് സ്റ്റാഫ് ക്വാർട്ടേഴ്സും കോംപ്ലക്സ് ഹാളും നിർമ്മിക്കുന്നതിനായ് ജില്ലാ പഞ്ചായത്ത് 70 സെന്റ് സ്ഥലവും വിട്ടുനൽകിയിട്ടുണ്ട്. എന്നാൽ ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബികളുടെ ഗൂഡശ്രമത്താൽ എക്‌സൈസ് ജില്ലാ ഓഫീസ് തൊടുപുഴയിൽ നിന്നും മാറ്റാനായില്ല. തൊടുപുഴയിൽ ഓഫീസ് പ്രവർത്തിക്കുന്നത് എറണാകുളം ജില്ലാ അതിർത്തിയിൽ നാലുകിലോമീറ്റർ ചുറ്റളവിലാണ്. എക്‌സൈസ് ജില്ലാ ഓഫീസ് ജില്ലാ ആസ്ഥാനത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായതോടെ തൊടുപുഴയിൽ പ്രവർത്തിച്ചിരുന്ന എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഓഫീസും മൂലമറ്റത്ത് പ്രവർത്തിച്ചിരുന്ന റെയ്‌ഞ്ചോഫീസും ജില്ലാ ആസ്ഥാനത്തേക്ക് മാറ്റി. ജില്ലാ ഓഫീസിലുള്ള ഉദ്യോഗസ്ഥർ മാസത്തിൽ രണ്ടു തവണയെങ്കിലും കളക്‌ട്രേറ്റിലെത്തേണ്ടിവരും. ഹൈറേഞ്ചിൽ നിന്നും ഉദ്യോഗസ്ഥർ പലതവണ കോൺഫറൻസിനും മറ്റുമായി ജില്ലാ ഓഫീസിലെത്താൽ മലയിറങ്ങേണ്ടിയുംവരുന്നു. ജില്ലാ കളക്ടറുടെ അധീനതയിലാണ് എക്‌സൈസ് ഓഫീസ് പ്രവർത്തിക്കുന്നത്. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ തൊടുപുഴയിലെ ജില്ലാ ഓഫീസിൽ ജോലിചെയ്യുന്നതിനാൽ ഷാപ്പ്, ബാറ് ലേലത്തിനെല്ലാം ഉദ്യോഗസ്ഥർ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിലെത്തിയാണ് യോഗം ചേരുന്നത്. മറ്റ് ജില്ലയിൽ നിന്നുള്ള ഉദ്യോഗസ്ഥരെ മറയൂർ, പീരുമേട് ഓഫീസുകളിൽ നിയമിച്ചുമാണ് ജില്ലാ ഓഫീസിനെ തൊടുപുഴയിൽ നിലനിർത്തുന്നത്. എക്‌സൈസ് ഓഫീസിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജില്ലാ ഡിവിഷണൽ ഓഫീസ് ജില്ലാ ആസ്ഥാനത്ത് നിർമ്മിച്ചിരിക്കുന്ന എക്‌സൈസ് കോംപ്ലക്സിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കണമെന്നാണ് ഉദ്യോഗസ്ഥരും ആവശ്യപ്പെടുന്നത്.