75 വയസ് വരെയുള്ളവർക്ക് ജോലി ചെയ്യാം
തൊടുപുഴ: തൊഴിലുറപ്പു പദ്ധതിയിൽ പണിയെടുക്കുന്നതിന് 65 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് സർക്കാർ പിൻവലിച്ചു. എന്നാൽ 75 വയസിനു മുകളിൽ പ്രായമുള്ളവർക്ക് വിലക്ക് തുടരും. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ടായിരുന്നു മുതിർന്ന തൊഴിലാളികളെ മാറ്റി നിർത്തിയത്. എന്നാൽ കൊവിഡ് മൂലം തൊഴിൽ സാദ്ധ്യതകൾ കുറഞ്ഞതും കുടുംബങ്ങളിലെ വരുമാനം കുറഞ്ഞതുംമൂലം പലരും ബുദ്ധിമുട്ടിലായപശ്ചാത്തലത്തിലാണ് സർക്കാർ 65 വയസിനു മേൽ പ്രായമുള്ളവർക്ക് വിലക്ക് നീക്കിയുള്ള ഉത്തരവ് പുറത്തിറക്കിയത്. സംസ്ഥാനത്ത് തൊഴിലുറപ്പു പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 19 ലക്ഷത്തോളം പേരിൽ ഒന്നര ലക്ഷത്തോളം കുടുംബങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്തിരിക്കുന്നത് 65 വയസിനു മുകളിൽ പ്രായമുള്ളവരാണ്. ഇത്രയും കുടുംബങ്ങളിലെ അംഗങ്ങളിൽ നിന്നും ഈ പ്രായത്തിലുള്ളവർ മാത്രമാണ് തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. വ്യാപകമായി തൊഴിലവസരങ്ങൾ നഷ്ടമായ കൊവിഡ് കാലത്ത് ഒട്ടേറെ കുടുബങ്ങൾക്ക് ആശ്വാസകരമാരുന്നു തൊഴിലുറപ്പ് പദ്ധതി. കൊവിഡ് വ്യാപിച്ച സമയത്ത് ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ചാണ് ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായുള്ള ജോലികളിൽ നിന്നും 65 വയസിനു മുകളിൽ പ്രായമു ള്ള വരെ ഒഴിവാക്കിയത്. രോഗ വ്യാപനം കൂടിയതോടെ 60 വയസിനു മുകളിൽ പ്രായമുള്ളവരും കുട്ടികളും വീടുകളിൽ തന്നെ കഴിയണമെന്നായിരുന്നു ആരോഗ്യവകുപ്പ് നൽകിയ നിർദേശം. ഇതോടെ 65 വയസിനു മുകളിൽ പ്രായമുള്ളവർക്ക് താത്ക്കാലികമായി വിലക്കേർപ്പെടുത്തുകയായിരുന്നു. ഇതോടെ തൊഴിലുറപ്പു പദ്ധതിയിൽ നിന്നും ഒട്ടേറെ പേർ പുറത്തായി. വിലക്ക് പിൻവലിച്ച് ഒരു മാസം ഇവരുൾപ്പെടുന്ന തൊഴിലുറപ്പു പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും സർക്കാർ നിർദേശമുണ്ട്. രോഗ്യപ്രശ്‌നങ്ങൾ അലട്ടുന്നവരെ തൊഴിൽ ഇടങ്ങളിൽ നിന്നും ഒഴിവാക്കും
പണിയെടുക്കാൻ
പ്രൊഫഷണലുകളും
കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ഒട്ടേറെ യുവജനങ്ങൾ കൂടുതലായി തൊഴിലുറപ്പു മേഖലയിലേക്ക് കടന്നു വരികയും ചെയ്തു. ജോലി നഷ്ടമായ പ്രവാസികളും ഉന്നത ബിരുദധാരികളും ഐടി പ്രഫഷണലുകളും വരെ തൊഴിലുറപ്പു പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജീവിത സാഹചര്യങ്ങൾ മാറിയതോടെ ഇവരിൽ നല്ലൊരു ശതമാനം പേരും തൊഴിലുറപ്പ് ജോലി ചെയ്യാനും തുടങ്ങി. കോവിഡ് വ്യാപനം കൂടുതലായി തുടങ്ങിയ കഴിഞ്ഞ മാർച്ച് മുതൽ 1,14,500 ഓളം കുടുംബങ്ങളിൽ നിന്നുള്ള അംഗങ്ങൾ പുതുതായി രജിസ്റ്റർ ചെയ്തതായാണ് സംസ്ഥാന മിഷന്റെ കണക്ക്. ഇവരിൽ കൂടുതൽ പേരും യുവജനങ്ങളാണ്. ആവർത്തന സ്വഭാവമുള്ള ജോലികൾ ഒഴിവാക്കി ഇപ്പോൾ നിർമാണ ജോലികളാണ് തൊഴിലുറപ്പു പദ്ധതിയിലൂടെ കൂടുതലായി നിർവഹിക്കുന്നത്; ഈ പദ്ധതി പ്രകാരം അനേകം തൊഴിലാവസരസങ്ങളാണ് കൈവരുന്നതും.