തൊടുപുഴ: ലോക്ക്ഡൗണിൽ മഷിയുണങ്ങിയ അച്ചടിശാലകളുടെ സമയം തിരഞ്ഞെടുപ്പെത്തിയതോടെ പതിയെ തെളിഞ്ഞു. നഷ്ടത്തിലായിരുന്ന ജില്ലയിലെ നൂറിലേറെ അച്ചടിശാലകളുടെ ഉടമകൾക്കും ആയിരക്കണക്കിന് തൊഴിലാളികൾക്കും വലിയ പ്രതീക്ഷയേകിയാണ് തദ്ദേശ തിരഞ്ഞെടുപ്പ് വന്നെത്തിയിരിക്കുന്നത്. ഉത്സവങ്ങളുടെയും പള്ളിപെരുന്നാളുകളുടെയും സമയത്താണ് കൊവിഡും പിന്നാലെ ലോക്ക്ഡൗണുമെത്തുന്നത്. ലക്ഷങ്ങളുടെ ഓഡറുകളാണ് ഒറ്റയടിക്ക് റദ്ദാക്കപ്പെട്ടത്. മറ്റൊരു പ്രധാന വരുമാനമാർഗമായിരുന്ന കല്ല്യാണ കാർഡുകളും ഇല്ലാതായി. ചെറിയ തുക മുതൽ നൂറ് കണക്കിന് രൂപ മുടക്കുന്ന കല്ല്യാണ കാർഡുകൾ വരെ അച്ചടിക്കുന്നവർ സമൂഹത്തിലുണ്ട്. നാട്ടിലെ ചെറുതും വലുതുമായ പ്രസുകൾക്കായിരുന്നു ഇതിന്റെയെല്ലാം നേട്ടം. കല്ല്യാണങ്ങൾ കൊവിഡ് മാനദണ്ഡങ്ങളിൽ ചുരുങ്ങിയതോടെ അമ്പത് പേരെ വിളിക്കാൻ ക്ഷണക്കത്തിന്റെ ആവശ്യം ഇല്ലാതായി. ഇങ്ങനെ എല്ലാത്തരത്തിലും പ്രതിസന്ധി നേരിടുമ്പോഴാണ് ആശ്വാസമായി തിരഞ്ഞെടുപ്പ് എത്തുന്നത്.

പ്രതീക്ഷ ഏറെ

ജില്ലയിൽ 52 പഞ്ചായത്തുകളുണ്ട്. ഒരു പഞ്ചായത്തിൽ ശരാശരി 10 മുതൽ 22 വരെ വാർഡുകളുണ്ടാകും. എല്ലാ വാർഡിലും മൂന്ന് മുന്നണികളുടെ സ്ഥാനാർത്ഥികളും സ്വതന്ത്രരും ഉണ്ടാകും. ഇതിന് പുറമെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തിലെയും സ്ഥാനാർത്ഥികളുമുണ്ടാകും. ഇവരുടെ പോസ്റ്റർ, നോട്ടീസ് എന്നിവയുടെ അച്ചടി തങ്ങൾക്ക് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഓരോ അച്ചടിശാലക്കാരനും. അങ്ങനെ ജനാധിപത്യത്തിന്റെ ഉത്സവം നാട്ടിലെ ആയിരക്കണക്കിന് സാധാരണക്കാർക്ക് ജീവിതമാർഗം കൂടി നൽകുന്നുണ്ട്.