തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുന്നണികൾ സ്ഥാനാർത്ഥി നിർണയത്തിനുള്ള അന്തിമവട്ട ഒരുക്കത്തിൽ. മൂന്ന് മുന്നണികളുടെയും ഗ്രാമപഞ്ചായത്തുകളിൽ മത്സരിക്കുന്നവരുടെ പട്ടിക ഏകദേശം പൂർത്തിയായി. ചുരുക്കം ചില സീറ്റുകളിൽ മാത്രമാണ് ഇനി ധാരണയാകാനുള്ളത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി അന്തിമപട്ടിക 12ന് പുറത്തിറക്കാനാകുമെന്നാണ് കരുതുന്നത്.

അതേസമയം പലയിടത്തും സ്ഥാനാർത്ഥികൾ സ്ഥാനാർത്ഥികൾ ഒന്നാം വട്ട പ്രചരണം പൂർത്തിയാക്കി. നേരിൽ കാണാൻ കഴിയുന്ന പരമാവധി വോട്ടർമാരെ സമീപിച്ചും ഫോണിൽ വിളിച്ചും പ്രചാരണത്തിലെ ആദ്യമുന്നേറ്റം നടത്താൻ ഇവർക്കായി. സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ പതിച്ച ഫ്ലക്‌സ് ബോർഡുകൾ, പോസ്റ്ററുകൾ എന്നിവ പ്രധാന വഴികളിലെല്ലാം നിരന്നു. ചുവരെഴുത്തുകളും സജീവമായി. വരും ദിവസങ്ങളിൽ സ്ക്വാഡും വർക്കും സജീവമാകും. എന്നാൽ ഇതിനെയെല്ലാം ദിവസങ്ങൾക്കുള്ളിൽ മറികടക്കാൻ കഴിയുമെന്നാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്ത മുന്നണികളുടെ ആത്മവിശ്വാസം.

കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമാകും. സ്ഥാനാർത്ഥി നിർണയത്തെയടക്കം ഇത് ബാധിക്കുന്നുണ്ട്. എൽ.ഡി.എഫിൽ നിലവിൽ സി.പി.എമ്മും സി.പി.ഐയടക്കമുള്ള മറ്റ് ഘടകകക്ഷികളും മത്സരിച്ചിരുന്ന ചില സീറ്റുകളെങ്കിലും ജോസ് വിഭാഗത്തിന് നൽകേണ്ടി വരുന്നുണ്ട്. ഇത് ചെറിയ അസ്വാരസ്യങ്ങൾക്കിടയാക്കുന്നുണ്ട്. അതേസമയം യു.ഡി.എഫിൽ ജോസ് വിഭാഗം മത്സരിച്ചിരുന്ന സീറ്റുകൾക്ക് വേണ്ടി കോൺഗ്രസും ജോസഫ് വിഭാഗവും പിടിമുറുക്കുന്നുണ്ട്. തർക്കം നിലനിൽക്കുന്ന വാർഡുകളിൽ ഉപരി കമ്മിറ്റികൾ ഇടപെട്ട് പ്രശ്നം പരിഹരിക്കും. പരമാവധി റിബൽ സ്ഥാനാർത്ഥികളെ കുറയ്ക്കാനാണ് യു.ഡി.എഫ് നേതാക്കളുടെ ശ്രമം. എൻ.ഡി.എയിൽ ഇത്തവണ ബി.ഡി.ജെ.എസ് കൂടിയുണ്ടെന്നുള്ളതാണ് പ്രത്യേകത. വിവിധ തദ്ദേശസ്ഥാനങ്ങളിലായി 30 ശതമാനം സീറ്റുകൾ ബി.ഡി.ജെ.എസിന് ലഭിച്ചതായി ജില്ലാ പ്രസിഡന്റ് വി. ജയേഷ് കേരളകൗമുദിയോട് പറഞ്ഞു. പരമാവധി എല്ലാ സീറ്റുകളിലും മത്സരിക്കാനാണ് എൻ.ഡി.എ തീരുമാനം.

സ്ഥാനാർത്ഥികൾ ഇവിടെ വരെ

 യു.ഡി.എഫ്- ഗ്രാമപഞ്ചായത്തുകളിൽ 95 ശതമാനവും സ്ഥാനാർത്ഥികളായി. ജോസ് പക്ഷം മത്സരിച്ച സീറ്റികളിലാണ് തർക്കം. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ സ്ഥാനാർത്ഥി നിർണയം ഇന്നത്തോടെ പൂർത്തിയാകും.

 എൽ.ഡി.എഫ്- ഗ്രാമപഞ്ചായത്തുകളിൽ 95 ശമാനവും സ്ഥാനാർത്ഥി നിർണയം പൂർത്തിയായി. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ മറ്റന്നാൾ അന്തിമ തീരുമാനമാകും.

 എൻ.ഡി.എ- ഇന്ന് വൈകിട്ട് സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രഖ്യാപിക്കും. ചുരുക്കും ചില ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തിൽ മാത്രമാണ് അന്തിമതീരുമാനമാകാനുള്ളത്. ബി.ജെ.പിയെ കൂടാതെ ബി.ഡി.ജെ.എസും എ.ഐ.എ.ഡി.എം.കെയും മത്സരിക്കും.