തൊടുപുഴ: പ്രതികൂല കാലാവസ്ഥ മൂലം നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിയിരുന്ന റോഡുകളുടെ പുനരുദ്ധാരണം പുനരാരംഭിച്ചു. ഫണ്ട് അനുവദിച്ചെങ്കിലും കൊവിഡും പ്രതികൂല കാലാവസ്ഥയും മൂലം റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുകയായിരുന്നു. തൊടുപുഴ മേഖലയിൽ മാത്രം മുപ്പതോളം റോഡുകളിൽ കഴിഞ്ഞ മാർച്ചിൽ ടെണ്ടർ ചെയ്ത് പ്രവർത്തികൾ ഉൾപ്പെടെയാണ് തടസപ്പെട്ടിരുന്നത്. തൊടുപുഴ നഗരത്തിൽ പ്രധാന റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. വെങ്ങല്ലൂർ മുതൽ ടൗൺ വഴി കോലാനി വരെയുള്ള റോഡിന്റെ നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. മൂന്നര കോടിയോളം രൂപയുടെ റോഡ് നിർമാണ പ്രവർത്തനങ്ങളാണ് തൊടുപുഴ മേഖലയിൽ നടക്കാനുള്ളത്. കാലാവസ്ഥ അനുകൂലമായാൽ മറ്റ് റോഡുകളുടെയും നിർമാണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കുമെന്ന് പിഡബ്ല്യുഡി അധികൃതർ പറഞ്ഞു. വാട്ടർ അതോറ്റിയുടെ പൈപ്പ് പൊട്ടലിനെ തുടർന്ന് നഗരത്തിൽ പതിവായി റോഡ് തകർന്നിരുന്ന ഭാഗങ്ങളിൽ ടൈലിടുന്ന ജോലികളും പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു. കാഞ്ഞിരമറ്റം ബൈപ്പാസ് ജംഗ്ഷൻ മുതൽ കാഞ്ഞിരമറ്റം മാർക്കറ്റ് ജംഗ്ഷൻ വരെ ഡിഇഒ ഓഫീസിനു മുന്നിലൂടെയുള്ള റോഡിലാണ് ടൈൽ പതിക്കുന്നത്. ഇതിനുപുറമെ പതിവായി റോഡ് തകരുന്ന കാഞ്ഞിരമറ്റം ബൈപ്പാസ് റൗണ്ടിലും ടൈൽ പതിപ്പിക്കും. പുതിയ ജലവിതരണ പദ്ധതിക്കായി വാട്ടർ അഥോറിറ്റി നഗരത്തിലെ റോഡുകൾ വെട്ടിപ്പൊളിച്ചതു മൂലം പല ഭാഗത്തും റോഡ് തകർന്നിരുന്നു. ഇവിടെ പിന്നീട് ടാറിംഗ് നടത്തിയെങ്കിലും ഇടിഞ്ഞു താഴുകയായിരുന്നു. ചില ഭാഗങ്ങളിൽ പതിവായി പൈപ്പ് പൊട്ടി റോഡ് തകർന്നു. ടാറിംഗ് നടത്തിയാലും ദിവസങ്ങൾക്കുള്ളിൽ തകരുമെന്നതിനാലാണ് ഇവിടെ ടൈലുകൾ പതിപ്പിക്കുന്നത്.