തൊടുപുഴ: വഴിയോരത്ത് പച്ചക്കറി വിത്ത് വിൽപ്പനശാലയ്ക്ക് നേരെ മദ്യപന്റെ ആക്രമണം. ഇന്നലെ വൈകിട്ട് മൂന്നരയോടെ തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിലാണ് സംഭവം. പത്ത് വർഷമായി മിനി സിവിൽ സ്റ്റേഷന് എതിർവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്ന് പച്ചക്കറി വിത്ത് വിൽക്കുന്നയാളാണ് കാഞ്ഞിരമറ്റം ആമിക്കാട് ഗോപാലകൃഷ്ണൻ (56). ഇന്നലെ മകന്റെ കോളേജ് അഡ്മിഷൻ കാര്യത്തിനായി വഴിയോരക്കടയിൽ നിന്ന് മാറിയ സമയത്ത് ഇതുവഴിയെത്തിയ മദ്യപൻ വിത്തുകളെല്ലാം എടുത്ത് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. മണികണ്ഠൻ എന്ന സാമൂഹ്യവിരുദ്ധനാണ് ആക്രമണം നടത്തിയതെന്ന് കണ്ടുനിന്നവർ പറയുന്നു. സംഭവമറിഞ്ഞെത്തിയ ഗോപാലകൃഷ്ണൻ ഉടൻ തന്നെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. പതിനായിരത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായി ഗോപാലകൃഷ്ണൻ പറയുന്നു. തൊടുപുഴയിൽ ലഹരിക്കടിമയായ സാമൂഹ്യവിരുദ്ധരുടെ ആക്രമണം തുടർക്കഥയായിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.