ഇടവെട്ടി: ഇടവെട്ടി- തൊണ്ടിക്കുഴ കനാൽ റോഡിന്റെ പുനർനിർമ്മാണം ആരംഭിച്ചു. 1.54 കിലോമീറ്ററോളം റോഡാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൂർണമായും പുനർനിർമ്മിക്കുന്നത്. ആയിരക്കണക്കിന് പേർ ഉപയോഗിക്കുന്ന മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ (എം.വി.ഐ.പി) വലതുകര കനാലിന്റെ ഭാഗമായുള്ള റോഡാണിത്. ആറ് വർഷം മുമ്പാണ് റോഡ് അവസാനമായി ടാർ ചെയ്തത്. വർഷങ്ങളായി റോഡ് തകർന്ന് കിടന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മൂന്ന് സ്ഥലങ്ങളിലായി കൂടുതൽ തകർന്ന ഭാഗങ്ങൾ മാത്രമാണ് പുനർനിർമ്മിക്കുന്നത്. എം.വി.ഐ.പി ഡിപ്പോ കനാൽ റോഡ് ഒരു കിലോമീറ്ററോളം ദൂരം, തൊണ്ടിക്കുഴ അക്വഡേറ്റിന് സമീപം മുതൽ കാരിക്കോട്- പട്ടയംകവല പൊതുമരാമത്ത് വഴിയുമായി ചേരുന്ന ഭാഗം വരെ 250 മീറ്ററോളം, തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപത്ത് നിന്ന് പട്ടയംകവല ഭാഗത്തേക്കുള്ള റോഡിന്റെ 300 മീറ്ററോളം ദൂരം എന്നിവിടങ്ങളിലാണ് പുനർനിർമ്മിക്കുന്നത്. നിലവിൽ റോഡിലെ പഴയ ടാറിംഗ് നീക്കി മക്ക് വിതറി അതിന്റെ മുകളിൽ മെറ്റൽ വിരിച്ച് വരികയാണ്. ആകെ ആറ് കിലോ മീറ്ററോളം ദൂരമാണ് ഇടവെട്ടി പഞ്ചായത്തിലൂടെ റോഡ് കടന്ന് പോകുന്നത്. ഇതിൽ മിക്കഭാഗങ്ങളും തകർന്ന് കിടക്കുകയായിരുന്നു.