car

തൊടുപുഴ: ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന് ഇലക്ട്രിക്ക് കാറുകളെത്തി. മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതിയുടെ ഭാഗമായി ഗിയറില്ലാത്ത മൂന്ന് ടാറ്റാ നെക്‌സൺ ഇലക്ട്രിക് കാറുകളാണ് വാഹന പരിശോധനയ്ക്കായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് ലഭിച്ചത്. ദേവികുളം, ഇടുക്കി, തൊടുപുഴ ജോയിന്റ് ആർടിഒ ഓഫീസുകൾക്കാണ് മൂന്നു വാഹനങ്ങൾ നൽകിയത്. കഴിഞ്ഞ ദിവസം മുതൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇലക്ട്രിക് കാറുകളായി ഗതാഗത നിയമങ്ങൾ കണ്ടെത്തുന്നതിനായി നിരത്തിലിറങ്ങി. ബാറ്ററിയിൽ ഓടുന്ന ഇലക്ട്രിക് കാറുകൾ തികച്ചും പരിസര മലിനീകരണം ഒഴിവാക്കുന്നതിനുള്ള സാങ്കേതിക വിദ്യയോട് കൂടിയുള്ളതാണ്. ഒരു തവണ ചാർജ് ചെയ്താൽ 250 കിലോ മീറ്റർ സഞ്ചരിക്കാനാവും. പൂർണമായി ചാർജിംഗ് ആകാൻ എട്ടു മണിക്കൂറെടുക്കും. 30 യൂണിറ്റ് വൈദ്യുതി വേണം ഒരു തവണ കാർ പൂർണമായി ചാർജ് ചെയ്യാൻ.

2.2 ലക്ഷം ലിറ്റർ

പെട്രാൾ ലാഭം

സേഫ് സോൺ പദ്ധതി പ്രകാരം കേരളത്തിൽ എല്ലാ ജില്ലകളിലുമായി 65 ഇലക്ട്രിക് എസ്‌യുവി കളാണ് മോട്ടോർ വാഹന വകുപ്പിന് ലഭ്യമായത്. ഇവ നിരത്തിലിറങ്ങുന്നതോടെ ഓരോ വർഷവും 2.2 ലക്ഷം ലിറ്ററിന്റെ ലാഭം ഉണ്ടാകുമെന്നാണ് വകുപ്പ് കണക്കു കൂട്ടുന്നത്. ജില്ലയിൽ ഇതിനു പുറമെ ഇന്റർസെപ്ടർ ഉപയോഗിച്ചുള്ള വാഹന പരിശോധനയും മറ്റും തുടരുമെന്നും എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഹരികൃഷ്ണൻ പറഞ്ഞു.