ഇടുക്കി: കൊവിഡിന്റെ പശ്ചാത്തലത്തിൽ വർദ്ധിച്ചുവരുന്ന ഗാർഹിക അതിക്രമങ്ങളും സംഘർഷവും പരിഹരിക്കുന്നതിനായി സംസ്ഥാന പൊലീസ് മേധാവി സംഘടിപ്പിച്ച സംസ്ഥാനതല പരാതി പരിഹാര അദാലത്തിൽ ജില്ലയിൽ നിന്ന് ഒരു പരാതിക്കു പരിഹാരം. കുടുംബവഴക്കുകളും മറ്റ് വിഷയങ്ങളും കൈകാര്യം ചെയ്യുന്നതിനും പരാതികൾ സ്വീകരിക്കുന്നതിനും അടിയന്തിരമായി പ്രശ്‌ന പരിഹാരം ഉറപ്പാക്കുന്നതിനും കൗൺസലിംഗ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനുമായി ദേശീയ വനിതാ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം എല്ലാ ജില്ലയിലും പൊലീസ് വനിതാ സെല്ലിന്റെ ചുമതലയിൽ ഡിസിആർസി ഡൊമസ്റ്റിക് കൺഫ്‌ളിക്ട് റെസലൂഷൻ സെന്റർ രൂപീകരിച്ചിരുന്നു.
ഇതിന്റെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നടത്തിയ ഓൺലൈൻ അദാലത്തിലാണ് ജില്ലയിലെ ഒരു പരാതിക്ക് തീർപ്പുണ്ടായത്. ഓരോ പൊലീസ് ജില്ലയിൽ നിന്നു തിരഞ്ഞെടുത്ത ഓരോ പരാതി വീതമാണ് അദാലത്തിൽ പരിഗണിച്ചത്.
ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസാമി, ഡിവൈ എസ് പി ടി. എ ആന്റണി, വനിതാ സെൽ സിഐ പി. ജി. വിജയമ്മ, എസ്‌ഐ പി. സുമതി, അഡ്വ. എംഎം ലിസി, കൗൺസലർ ആര്യ എന്നിവർ അദാലത്തിൽ പങ്കെടുത്തു.
ഈ സേവനം തുടരുന്നതാണെന്നും ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പരാതികൾ സമർപ്പിക്കാൻ ബന്ധപ്പെടേണ്ട നമ്പർ: 04862 236600, 9497980397, 04862 239100, 9497932403, ടോൾ ഫ്രീ 1091, 9999. ഈമെയിൽ: ciwmncellidk.pol@kerala.gov.in