തദ്ദേശ വകുപ്പിൽ നിന്ന് ലക്ഷങ്ങൾ ചോരുന്നു
തൊടുപുഴ: സ്ട്രീറ്റ് ലൈറ്റുകളുടെ പരിപാലനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിനെ "വെളുപ്പിക്കുന്ന" പ്രവർത്തികളാണ് ജില്ലയിലെ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടന്ന് വരുന്നത്. സ്ട്രീറ്റ് ലൈറ്റുകളുടെ വാങ്ങൽ - കരുതൽ - വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഗുരുതരമായ വീഴ്ച്ചയാണ് നടക്കുന്നതെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പിന്റെയും പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തിന്റെയും കണ്ടെത്തൽ.
സ്ട്രീറ്റ് ലൈറ്റുകളുടെ പരിപാലനം പ്രദേശികമായി അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. ചില തദ്ദേശ സ്ഥാപനങ്ങളുടെ ഓരോ വാർഡുകൾ കേന്ദ്രീകരിച്ചും കെ എസ് ഇ ബി യുടെ നേതൃത്വത്തിൽ ഓരോ സമ്പത്തിക വർഷവും അധിക സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ച് വിവിധ പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നുണ്ട്. എന്നാൽ ഇവയുടെ വൈദ്യുതി ചാർജ് അതാത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്. ജില്ലയിൽ 2 നഗരസഭകൾ,52 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന ചില തദ്ദേശ സ്ഥാപനങ്ങളിൽ സ്ട്രീറ്റ് ലൈറ്റുകളുടെ പരിപാലനം വൈദ്യുതി ചാർജ് എന്നിവക്ക് വേണ്ടി ഓരോ സാമ്പത്തിക വർഷവും ചിലവഴിക്കുന്നത് ലക്ഷങ്ങളാണ്.ഇത്രയും ഭീമമായ പണം ചിലവഴിക്കുമ്പോഴും സ്ടീറ്റ് ലൈറ്റ് വിഷയത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ അരാജകത്വമാണ് നടക്കുന്നത്. സ്ട്രീറ്റ് ലൈറ്റിന്റെ ബൾബ് ട്യൂബ് എന്നിങ്ങനെയുളള ആവർത്തന ചിലവുകൾ അതാത് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിത പണത്തിൽ നിന്നാണ് വാങ്ങുന്നത്. എന്നാൽ വൈദ്യുതി ചാർജ് തനത് വരുമാനത്തിൽ നിന്നോ സർക്കാർ അനുവദിക്കുന്ന ഗ്രാന്റിൽ നിന്നോ ആകും നൽകുന്നത്. എന്നാൽ സ്ട്രീറ്റ് ലൈറ്റുകളുടെ കാര്യത്തിൽ കൃത്യമായ പ്ളാനിംഗും മോണിറ്ററിംഗും പ്രാദേശികമായി നടക്കാത്തതിനാൽ തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്ന് ലക്ഷങ്ങളാണ് ചോരുന്നത്. സ്ട്രീറ്റ് ലൈറ്റ് വിഷയവുമായി ബന്ധപ്പെട്ട് ജില്ലയിലെ ചില തദ്ദേശ സ്ഥാപനങ്ങളിൽ പരി ഹരിക്കാനാവാത്ത നിരന്തരമായ വിവാദങ്ങളും അരങ്ങേറിയിട്ടുമുണ്ട്.
കണ്ടെത്തൽ
ഇയൊക്കെ
ചില തദ്ദേശ സ്ഥാപനങ്ങളിൽ കൃത്യമായ രജിസ്റ്ററുകൾ പോലും സൂക്ഷിച്ചിട്ടില്ല.
രജിസ്റ്റരുകൾ ഉണ്ടെങ്കിലും കൃത്യമായി രേഖപ്പെടുത്തലുകൾ ഇല്ല..
വൈദ്യുതി പോസ്റ്റുകൾ , ബൾബ് , ട്യൂബ് , ഹൈമാസ്റ്റ് ലൈറ്റ് , സി എഫ് എൽ
എന്നിവയുടെ കൃത്യമായ കണക്കുകൾ ഇല്ല.
ബൾബ് , ട്യൂബ് , ഹൈമാസ്റ്റ് ലൈറ്റ് , സി എഫ് എൽ... വാങ്ങിയത് - കരുതൽ - വിതരണം ചെയ്തത് എന്നി വ സംബന്ധിച്ച് കൃത്യത ഇല്ല.
കേടാകാത്ത ലൈറ്റുകളും മാറ്റി പുതിയത് സ്ഥാപിക്കൽ.
ചില തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ലൈറ്റുകൾ അവരവരുടെ വീടുകളിൽ സൂക്ഷിക്കുന്നു.
ഗുണനിലവാരം കുറഞ്ഞ സാധന സാമഗ്രികൾ വാങ്ങുന്നതിനാൽ എളുപ്പം കേടാകുന്നു.
പകൽ സമയത്തും പ്രകാശിക്കുന്ന ലൈറ്റുകൾ.
ടച്ചിംഗ് കൃത്യമായി വെട്ടാത്തിനാൽ അമിത വൈദ്യുതി നഷ്ടം.