കുമാരമംഗലം : തൊടുപുഴ വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിലെ കുട്ടികൾ ഹിമാചൽ പ്രദേശിലെ റൂട്‌സ് സ്‌കൂളുമായി സഹകരിച്ച് ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു.കൊവിഡ് കാലത്തെ മാറിയ പഠന സാഹചര്യത്തിൽ പാഠ്യവിഷയങ്ങൾ കലാസംയോജനത്തിലൂടെ അവതരിപ്പിക്കുക എന്ന സി.ബി.എസ്.ഇ യുടെ പുതിയ പാഠ്യപദ്ധതിയെ മുൻനിർത്തിയായിരുന്നു ഓൺലൈൻ ക്ലാസ്
തത്സമയ പരിപാടിയിൽ ഇരു സ്‌കൂളിലെയും ഒന്നാം ക്ലാസ്സിലെ കുട്ടികളും അദ്ധ്യാപകരുമാണ് പങ്കെടുത്തത്. വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിലെ കുട്ടികൾ ഹിന്ദിയിൽ സ്വാഗതം പറഞ്ഞു കൊണ്ടാണ് ഹിമാചലിലെ കുട്ടികളെ സ്വീകരിച്ചത്. കേരളത്തിന്റെ സംസ്‌കാരം, ആചാരാനുഷ്ഠാനങ്ങൾ , കലകൾ, വസ്ത്രധാരണം, ഭക്ഷണം, ആഘോഷങ്ങൾ, ഉത്സവങ്ങൾ, ജീവിത രീതി, കൃഷി ഇവയെല്ലാം കുട്ടികൾ ക്ലാസ്സിൽ അവതരിപ്പിച്ചു. തത്സമയം ഓണപ്പൂക്കളം ഒരുക്കിയും സദ്യ തയ്യാറാക്കിയും പച്ചക്കറികളും ചക്ക, മാങ്ങ വാഴക്കുല എന്നീ കാർഷികവിഭവങ്ങളും കാർഷികോപകരണങ്ങളും കുട്ടികൾ പരിചയപ്പെടുത്തി. കൂടാതെ മോഹിനിയാട്ടം, കളരിപ്പയറ്റ് ,വഞ്ചിപ്പാട്ട്
എന്നിവ തത്സമയം തന്നെ അവതരിപ്പിച്ചു. കാഴ്ചയുടെ ഈ നവ്യാനുഭവം ഹിമാചലിലെ കുട്ടികളെ അത്ഭുതപ്പെടുത്തി. കുട്ടികളുടെ അവതരണവും കലാപ്രകടനങ്ങളും ഏറെ അഭിനന്ദനം അർഹിക്കുന്നതാണെന്ന് റൂട്‌സ് കൺട്രി സ്‌കൂളിലെ അദ്ധ്യാപകർ അഭിപ്രായപ്പെട്ടു.
കലാപരിപാടികൾക്ക് ശേഷം കുട്ടികൾക്ക് പരസ്പരം സംസാരിക്കുന്നതിനും സംശയങ്ങൾ ചോദിക്കുന്നതിനുമുള്ള അവസരം ഒരുക്കിയിരുന്നു. ചടങ്ങിൽ വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പാൾ സരിത ഗൗതം കൃഷ്ണ, മാനേജിങ് ഡയറക്ടർ ആർ.കെ.ദാസ്, ആക്ടിവിറ്റി കോർഡിനേറ്റർ അനിൽ എന്നിവർ ആശംസകൾ നേർന്നു.സി.ബി.എസ്.ഇ യുടെ കൾച്ചറൽ എക്‌സ്‌ചേഞ്ച് എന്ന ആശയത്തിന്റെ ഭാഗമായാണ് ക്ളാസ് സംഘടിപ്പിച്ചത്. മറ്റൊരവസരത്തിൽ ഹിമാചലിലെ കുട്ടികളും ആ നാടിന്റെ പ്രത്യേകതകളും സംസ്‌കാരങ്ങളും അവതരിപ്പിക്കും. രണ്ട് സംസ്ഥാനങ്ങളും പരസ്പരം കൈകോർത്തുള്ള ഈ പുതിയ പഠന രീതി ഭാരതത്തെ കൂടുതൽ അടുത്തറിയാൻ കുട്ടികൾക്ക് സഹായകമാകും.