tile

തൊടുപുഴ: നഗരത്തിലെ പ്രധാന ലിങ്ക് റോഡുകളിലൊന്നായ കുട്ടപ്പാസ് റോഡിലെ ടൈൽ പാകൽ പുരോഗമിക്കുന്നു. ആറ് ദിവസം മുമ്പാണ് ജില്ലാ വിദ്യാഭ്യാസ സമുച്ചയം അടക്കമുള്ള റോഡിൽ നിർമ്മാണം പ്രവർത്തനം തുടങ്ങിയത്. 10 ദിവസത്തേക്കാണ് റോഡ് അടച്ചിരിക്കുന്നത്. ഇനി വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്ന ജോലിയാണ് അവശേഷിക്കുന്നത്. കാഞ്ഞിരമറ്റം റൗണ്ട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് മാർക്കറ്റ് റോഡിൽ ചേരുന്ന പൊതുമരാമത്തിന്റെ കീഴിലുള്ള വഴിയാണിത്. മൂന്നിടത്തായി 74 മീറ്റർ ദൂരമാണ് ഇവിടെ ടൈൽ പാകുന്നത്. കാലങ്ങളായി തകർന്ന് കിടന്ന ഈ റോഡ് വഴിയാണ് തൊടുപുഴയുടെ കിഴക്കൻ മേഖലയിലേക്കുള്ള ബസുകൾ സർവീസ് നടത്തുന്നത്. വലിയ കുഴിയും വെള്ളക്കെട്ടും പൈപ്പ് പൊട്ടുന്നതും പതിവായതോടെ പ്രതിഷേധം ശക്തമായിരുന്നു. ഈ റോഡിന്റെ നിർമ്മാണം പൂർത്തിയായ ശേഷം തകർന്ന് കിടക്കുന്ന കാഞ്ഞിരമറ്റം റൗണ്ട് ജംഗ്ഷനും അറ്റകുറ്റപണി നടത്തും. പതിവായി കുഴിയാകുന്ന ഇവിടെയും ടൈൽ വിരിക്കാനാണ് തീരുമാനം.