തൊടുപുഴ: കൊവിഡ്- 19 മാനദണ്ഡങ്ങൾ പാലിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും വരണാധികാരികളുടെയും യോഗത്തിൽ തീരുമാനം. പ്രചാരണത്തിന് വീടുകളിൽ അഞ്ചിൽ കൂടുതൽ പേർ പോകരുത്. മതസ്പർദ്ധ, വ്യക്തിഹത്യ, ജീവിത സ്വാതന്ത്ര്യത്തിന് ഭംഗംവരുത്തുക തുടങ്ങിയ വിധത്തിൽ പ്രചാരണങ്ങൾ നടത്തരുത്. സർക്കാർ വസ്തുക്കൾ പ്രചാരണത്തിന് ഉപയോഗിക്കരുത്. കൊവിഡിന്റെ പാശ്ചാത്തലത്തിൽ കൊട്ടിക്കലാശം, ജാഥ തുടങ്ങിയവ ഒഴിവാക്കണം.റോഡ്‌ ഷോയ്ക്കോ വാഹന റാലിയ്ക്കോ പരമാവധി മൂന്ന് വാഹനം മാത്രമേ പാടുള്ളൂ. പൊതുയോഗങ്ങൾക്ക് പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങണം. ഗതാഗത തടസം ഉണ്ടാക്കുന്ന വിധത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ പാടില്ല. തിരഞ്ഞെടുപ്പിനായി പാസ് വാങ്ങുന്ന വാഹനങ്ങൾ നിർദ്ദിഷ്ട ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്ന കമ്മിഷന്റെ നിർദ്ദേശവും യോഗത്തിൽ വിശദീകരിച്ചു.