തൊടുപുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ചൂട് പിടിപ്പിച്ച് നാമനിർദേശ പത്രിക സമർപ്പണം ഇന്ന് മുതൽ ആരംഭിക്കും. രാവിലെ 11 മുതൽ മൂന്ന് വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പത്രിക സമർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. 19നാണ് പത്രികാ സമർപ്പണത്തിനുള്ള അവസാന തിയതി.സ്ഥാനാർത്ഥികളുടെ വാഹന വ്യൂഹം അനുവദിക്കില്ല. ഒരു വാഹനത്തിന് മാത്രമേ അനുമതിയുണ്ടാകൂ. സ്ഥാനാർത്ഥിയോടൊപ്പം ആൾക്കൂട്ടമോ ജാഥയോ ഉണ്ടാകാൻ പാടില്ല. പരമാവധി മൂന്ന് പേർ മാത്രമേ പത്രിക സമർപ്പണത്തിന് എത്താൻ പാടുള്ളൂ തുടങ്ങിയ നിർദ്ദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്. മാസ്‌ക്, സാനിറ്റൈസർ, സമൂഹിക അകലം എന്നിവ നിർബന്ധമാണ്. ഒരേസമയം ഒന്നിലധികം സ്ഥാനാർത്ഥികൾ എത്തിയാൽ വിശ്രമിക്കാൻ സൗകര്യം ഒരുക്കും. വരണാധികാരിക്കും ഉപ വരണാധികാരിക്കും മാസ്‌ക്, കൈയുറ, ഫെയ്‌സ് ഷീൽഡ് എന്നിവ നിർബന്ധമാണ്. കെട്ടിവയ്‌ക്കേണ്ട തുക ട്രഷറിയിലോ, തദ്ദേശ സ്ഥാപനത്തിലോ നൽകാം. കണ്ടൈൻമെന്റ് സോണിലുള്ളവരും നിരീക്ഷണത്തിലുള്ളവരും പത്രിക സമർപ്പിക്കാൻ മുൻകൂർ അനുമതി തേടണം. ഇവർക്ക് പ്രത്യേകം സമയം അനവദിക്കും. തദ്ദേശസ്ഥാപന പരിധിയിലെ വോട്ടർക്ക് അവിടത്തെ ഏത് വാർഡിലും മത്സരിക്കാം. നിർദേശിക്കുന്നവരും അതത് വാർഡിലെ വോട്ടർമാരായിരിക്കണം. പട്ടികജാതി സംവരണ വാർഡുകളിലേക്ക് മത്സരിക്കുന്നവർ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. 20നാണ് സൂക്ഷ്മ പരിശോധന. സൂക്ഷ്മ പരിശോധനയ്ക്ക് ഓരോ വാർഡിലെയും സ്ഥാനാർത്ഥികൾക്കും ഏജന്റുമാർക്കും മാത്രമായിരിക്കും പ്രവേശനം. നവംബർ 23 നാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. നിലവിലെ തദ്ദേശസ്ഥാപന ജനപ്രതിനിധികൾ പടിയിറങ്ങി. ഇനി പുതിയ ഭരണസമിതി വരുന്നതുവരെ ഉദ്യോഗസ്ഥരാകും ഭരണം നിർവഹിക്കുക.