ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മൾട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെയും നഗരസഭകളിൽ ഉപയോഗിക്കുന്ന സിംഗിൾ പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെയും പരിശോധന പൂർത്തീകരിച്ചു. മൾട്ടി പോസ്റ്റ് വോട്ടിംഗിന് 2050 കണ്ട്രോൾ യൂണിറ്റുകളും 6150 ബാലറ്റ് യൂണിറ്റുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്. നഗരസഭകളിലേക്കായുള്ള സിംഗിൾ പോസ്റ്റ് വോട്ടിംഗിന് 200 കണ്ട്രോൾ യൂണിറ്റുകളും 200 ബാലറ്റ് യൂണിറ്റുകളുടെയുമാണ് പരിശോധന പൂർത്തീകരിച്ച് ചെറുതോണി പഞ്ചായത്ത് ടൗൺ ഹാളിൽ സൂക്ഷിച്ചിരിക്കുന്നത്.
10 കേന്ദ്രങ്ങൾ സജ്ജം
തദ്ദേശ തിരഞ്ഞെടുപ്പിനായി പുതിയതായി അനുവദിച്ച രണ്ടു കേന്ദ്രങ്ങൾ ഉൾപ്പെടെ നിലവിൽ 10 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. തൊടുപുഴ സെൻ സെബാസ്റ്റ്യൻസ് ഹൈസ്‌കൂളും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ കട്ടപ്പന സെന്റ് ജോർജ് ഫൊറോന ചർച്ച് പാരിഷ് ഹാളുമാണ് പുതിയതായി അനുവദിച്ച വോട്ടെണ്ണൽ കേന്ദ്രങ്ങൾ. കട്ടപ്പന ഓശാനം ഇ.എം.എച്ച്.എസ്.എസ് കട്ടപ്പന, അടിമാലി ബ്ലോക്ക് പഞ്ചായത്തിൽ ഗവ. ഹൈസ്‌കൂൾ അടിമാലി, ദേവികുളം ബ്ലോക്ക് പഞ്ചായത്തിൽ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂൾ മൂന്നാർ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിൽ സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്എസ് നെടുങ്കണ്ടം, ഇളംദേശം ബ്ലോക്ക് പഞ്ചായത്തിൽ സെന്റ് ജോസഫസ് ഹയർ സെക്കൻഡറി സ്‌കൂൾ കരിമണ്ണൂർ, ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഇടുക്കി പൈനാവ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ സെന്റ് സെബാസ്റ്റ്യൻ യുപിസ്‌കൂൾ തൊടുപുഴ, അഴുത ബ്ലോക്ക് പഞ്ചായത്തിൽ മരിയ ഗിരി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ കുട്ടിക്കാനം എന്നിങ്ങനെയാണ് രണ്ട് നഗരസഭകളിലും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലുമായുള്ള വിതരണ സ്വീകരണ വോട്ടെണ്ണൽ കേന്ദ്രങ്ങൾ.