തൊടുപുഴ: സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്ന കാര്യത്തിൽ വിശദീകരണം തേടി ജില്ലയിലെ പത്ത് സ്വകാര്യ ആശുപത്രികൾക്ക് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി നോട്ടീസ് അയച്ചു. ഇന്നലെ നടന്ന സിറ്റിംഗിൽ സ്വകാര്യ മാനേജ്‌മെന്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ആരും ഹാജരാകാത്ത സാഹചര്യത്തിലാണ് വിശദീകരണം തേടി നോട്ടീസ് അയച്ചത്. സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കണമെന്നാണ് ഐ.എം.എ നിലപാടെന്ന് ഹാജരായ ഐ.എം.എ ജില്ലാ കോ- ഓർഡിനേറ്റർ ഡോ. സി.വി. ജേക്കബ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ സംഘടനയ്ക്ക് നേരിട്ടിടപെടാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. സ്വകാര്യ ആശുപത്രികൾ ഇപ്പോഴും രോഗികളെ പ്രവേശിപ്പിക്കുന്നതിന് താത്പര്യം കാട്ടുന്നില്ലെന്ന് പരാതിക്കാരനും വിവരാവകാശ പ്രവർത്തകനുമായ അഡ്വ. ടോം തോമസ് പൂച്ചാലിൽ അതോറിട്ടിയെ അറിയിച്ചു. കാരുണ്യ സുരക്ഷാ പദ്ധതിയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ആശുപത്രികളിൽ കൊവിഡ് രോഗികളുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്നും എന്നാൽ ജില്ലയിൽ നിലവിൽ ഒരു ആശുപത്രി പോലും പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ലെന്നും പരാതിക്കാരൻ പറഞ്ഞു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് കീഴിലുള്ള എം പാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലേക്ക് സർക്കാർ ആശുപത്രികളിൽ നിന്ന് റഫർ ചെയ്യുന്ന കൊവിഡ് രോഗികളുടെ ചികിത്സ ചെലവ് പൂർണമായും സംസ്ഥാന സർക്കാരാണ് വഹിക്കുന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു. ഐസൊലേഷൻ ചാർജായി പരമാവധി ഒരു ലക്ഷം രൂപ വരെയും അനുവദിക്കും.