മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സരസ്വതിക്ക് സർക്കാർ പുനരധിവാസ പദ്ധതി പ്രകാരം അനുവദിച്ച ഭൂമിയുടെ പട്ടയം കൈമാറി. ദുരന്തത്തിലകപ്പെട്ട് ഗുരുതര പരിക്കേറ്റ് കോലഞ്ചേരിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്ന സരസ്വതിക്ക് നവംബർ ഒന്നിന് നടന്ന പട്ടയ വിതരണത്തിൽ പങ്കെടുക്കാനായിരുന്നില്ല. തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ സരസ്വതി ഇന്നലെ ദേവികുളം താലൂക്ക് ആഫീസിലെത്തുകയായിരുന്നു. ഇവരുടെ വാഹനത്തിന് സമീപമെത്തി തഹസിൽദാർ പട്ടയമടക്കമുള്ള രേഖകൾ നൽകി. ആഗസ്റ്റ് അറിനുണ്ടായ പെട്ടിമുടി ദുരന്തത്തിൽ സരസ്വതിയുടെ ഭർത്താവ് രാസയ്യ മരിച്ചിരുന്നു.