തൊടുപുഴ: യു.ഡി.എഫിനോട് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് ഘടകകക്ഷികളായ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മുസ്ലിംലീഗും. ജോസഫ് വിഭാഗം മത്സരിച്ച സീറ്റുകൾ കൂടാതെ കഴിഞ്ഞ തവണ ജോസ് വിഭാഗം മത്സരിച്ച സീറ്റുകൾ കൂടി വേണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യത്തിൽ ചില സീറ്റുകൾ വിട്ടുനൽകാൻ തയ്യാറാണെന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. അതേസമയം മുസ്ലിംലീഗും കൂടുതൽ സീറ്റുകൾ ചോദിച്ചത് യു.ഡി.എഫിനെ കുഴപ്പിക്കുന്നുണ്ട്. എന്നാൽ ഇത് സമ്മർദ്ദ തന്ത്രമാണെന്നും കൂടുതൽ സീറ്റുകൾ നൽകേണ്ടതില്ലെന്നുമാണ് മറ്റ് പാർട്ടികളുടെ നിലപാട്. ഇന്നലെ രാത്രി ഇരുപാർട്ടികളുമായി ജില്ലയിലെ യു.ഡി.എഫ് നേതൃത്വം ചർച്ച നടത്തി. ഇന്നും കൂടി നടക്കുന്ന ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് യു.ഡി.എഫ് നേതാക്കൾ പ്രതീക്ഷിക്കുന്നത്. കൂടുതൽ സീറ്റുകൾ ഘടകക്ഷികൾക്ക് നൽകേണ്ടതില്ലെന്ന പൊതുഅഭിപ്രായമാണ് ഇന്നലെ തൊടുപുഴയിൽ കെ.പി.സി പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡി.സി.സി ജനറൽ ബോഡിയിലും ഉയർന്നത്. യു.ഡി.എഫിന്റെ വിജയത്തിനായി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി പ്രവർത്തിക്കണമെന്ന് യോഗത്തിൽ മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി. അനിൽകുമാർ, റോയി കെ. പൗലോസ്, ടോമി കല്ലാനി, മാത്യു കുഴൽനാടൻ, ഡീൻ കുര്യാക്കോസ് എം.പി, മുൻ എം.എൽ.എ ഇ.എം. ആഗസ്തി, മുൻ ഡി.സി.സി പ്രസിഡന്റ് ജോയി തോമസ്, ഡി.സി.സി ചെയർമാൻ എസ്. അശോകൻ, തോമസ് രാജൻ, എം.എൻ. ഗോപി, ടി.ജി.ജി കൈമൾ, എ.പി. ഉസ്മാൻ, ശ്രിമന്ദിരം ശശികുമാർ, ആർ. ബാലൻപിള്ള, എം.കെ. പുരുഷോത്തമൻ, സി.പി. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. എൻ.ഐ. ബെന്നി സ്വാഗതവും എം.പി. അർജ്ജുനൻ നന്ദിയും പറഞ്ഞു.