തൊടുപുഴ: കൊട്ടും കുരവയും വാദ്യമേളങ്ങളും അടങ്ങുന്ന പഴയ തിരഞ്ഞെടുപ്പ് റാലികളൊക്കെ ഇനി പഴങ്കഥ. അതൊക്കെ കൊവിഡിന് മുമ്പ്. ഇനിയുള്ള കാലം വെർച്വൽ റാലികളുടെയാണ്. നേതാക്കൾ എവിടെയെങ്കിലുമിരുന്ന് പ്രസംഗിക്കും. അണികളും പ്രവർത്തകരും അനുഭാവികളും സോഷ്യൽ മീഡിയയിലൂടെ പ്രസംഗം കേട്ട് ജയ് വിളിക്കും. തിരുവനന്തപുരത്ത് നിന്നും ഡൽഹിയിൽ നിന്നും നേതാക്കൾ നമ്മുടെ പഞ്ചായത്തിലെ സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ട് ചോദിച്ചെത്തും. ഇങ്ങനെ

തിരഞ്ഞെടുപ്പ് പ്രചരണം പൂർണമായും നവമാദ്ധ്യമങ്ങളുടെ സാദ്ധ്യതകളിലേക്ക് വഴി മാറുകയാണ്.


വന്ന വഴി മറക്കാനാകില്ല

നവമാദ്ധ്യമങ്ങളിലേക്ക് പ്രചാരണം ചുവട് മാറ്റിയെന്ന് കരുതി പഴയ തീതികളൊന്നും വേണ്ടെന്ന് വയ്ക്കാനാകില്ല. ചുവരെഴുത്ത്, പോസ്റ്റർ, അനൗൺസ്‌മെന്റ്, സ്‌ക്വാഡ് വർക്ക് എന്നിവയൊന്നും ഉപേക്ഷിക്കാനാകില്ല. വീട്ടിലെത്താതെ വാട്ട്സ്ആപ്പ് മെസേജിലൂടെ മാത്രം വോട്ട് ചോദിച്ചാൽ കിട്ടണമെന്നില്ല. വീട്ടിലെത്തി നേരിട്ട് വോട്ട് ചോദിക്കുമ്പോഴാണ് വോട്ടറുടെ പ്രശ്നങ്ങൾ സ്ഥാനാർത്ഥിക്ക് മനസിലാകൂ. തിരിച്ച് സ്ഥാനാർത്ഥിയുടെ പെരുമാറ്റരീതി വോട്ടർക്ക് നേരിട്ടറിയണമെങ്കിലും നേരിട്ടെത്തി വോട്ട് ചോദിക്കണം.

ട്രോളി കൊല്ലും

പണ്ട് ചായക്കടയിലും മറ്റും എതിരാളികളോട് രാഷ്ട്രീയം പറഞ്ഞ് ഏറ്റുമുട്ടിയിരുന്നത് പഴങ്കഥയായി. ഇന്ന് എന്ത് പറഞ്ഞാലും ഉരുളയ്ക്ക് ഉപ്പേരി പോലെ ഫേസ്ബുക്കിൽ മറുപടി കിട്ടും. എന്തെങ്കിലും അബദ്ധംപറ്റിയാൽ എതിരാളികളെ ട്രോളി കൊല്ലും. ഭരണപക്ഷത്തിന് ഭരണപരാജയം ചൂണ്ടിക്കാട്ടാനും ട്രോളുകൾ തന്നെയാണ് ഇപ്പോൾ മാർഗം. കുടിവെള്ള പ്രശ്നം മുതൽ റോഡ് നന്നാക്കാത്തത് വരെ നിമിഷ നേരത്തിനുള്ലിൽ ട്രോളായി മാറും.

'സാമൂഹ്യമാദ്ധ്യമങ്ങളെ അവഗണിച്ച് ഇന്നത്തെ കാലത്ത് രാഷ്ട്രീയപ്രവർത്തനം അസാധ്യമാണ്. നോട്ടീസിലൂടെയോ ലഘുലേഖയിലൂടെയോ നൂറു വാക്കുകളിൽ പറയുന്ന കാര്യം പലപ്പോഴും ഒറ്റ ട്രോളിൽ ജനങ്ങൾക്ക് ബോദ്ധ്യമാകും. യുവാക്കളെയടക്കം സ്വാധീനിക്കാൻ ട്രോളുകളാണ് മികച്ച മാർഗം."

ബിനീഷ് ബാബു, പൊതുപ്രവ‌ർത്തകൻ