children

ഇടുക്കി: പെട്ടിമുടി താഴ്‌വരയിൽ കാട്ടുപൂക്കൾക്കിടയിൽ പൂമ്പാറ്റകളെപ്പോലെ ഓടിക്കളിച്ചിരുന്ന പിഞ്ചോമനകളുടെ പുഞ്ചിരിയും ഉത്സാഹവും മാഞ്ഞിട്ട് നൂറ് ദിവസമാകുന്നു... ഉറ്റവരെയെല്ലാം വിഴുങ്ങിയ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് ഈ ശിശുദിനത്തിലും അവർ മോചിതരല്ല.

കളിച്ചും ചിരിച്ചും ഒപ്പം നടന്ന18 കൂട്ടുകാരെയാണ് ഉരുൾപൊട്ടൽ കവർന്നത്.

അച്ഛനും അമ്മയും ബന്ധുക്കളും മണ്ണിനടിയിലായി ഒറ്റപ്പെട്ടവ‌ർ. മലവെള്ളപാച്ചിലിൽ ഒലിച്ചുപോയ ലയങ്ങളും പാഠപുസ്തകളും സർട്ടിഫിക്കറ്റുകളും കളിപ്പാട്ടങ്ങളും. ദിവസങ്ങളോളം ദുരന്തത്തിന്റെ ഭീകരത നേരിൽ കണ്ടവർ...

പെട്ടിമുടിയിലെ മുപ്പതോളം കുട്ടികൾ ഇപ്പോൾ രാജമല, കടലാർ, അരുവിക്കാട്, നെയ്‌മക്കാട്, കന്നിമല,​ മാട്ടുപ്പെട്ടി എന്നിവിടങ്ങളിലെ ടാറ്റയുടെ ലയങ്ങളിലും ബന്ധുവീടുകളിലുമാണ്. ഇവരെ കൗൺസലിംഗിലൂടെയും മറ്റും സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികൃതർ. മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാത്തതിനാൽ ടെലിവിഷനിലൂടെയാണ് കുട്ടികൾ പഠിക്കുന്നത്.

ദുരന്തമുണ്ടായിട്ട് 100 ദിനം

ആഗസ്റ്റ് ആറിന് രാത്രി 10.45നാണ് രാജമല പെട്ടിമുടിയിലെ നാലുവരി ലയങ്ങളെ ഉരുൾവിഴുങ്ങിയത്. 82 പേരാണ് ദുരന്തത്തിൽപ്പെട്ടത്. 19 ദിവസത്തെ തെരച്ചിലിൽ 66 മൃതദേഹങ്ങൾ കണ്ടെടുത്തു. 12 പേരെ രക്ഷപ്പെടുത്തി. കണ്ടുകിട്ടാത്ത നാല് പേരെ മരിച്ചതായി കണക്കാക്കി സർക്കാർ ഉത്തരവിറക്കി. ദുരന്തത്തിനിരയായ 22 കുടുംബങ്ങളിൽ ശേഷിക്കുന്ന എട്ട് കുടുംബങ്ങൾക്ക് കുറ്റ്യാർവാലിയിൽ സർക്കാർ നൽകിയ 40 സെന്റ് ഭൂമിയിൽ കണ്ണൻദേവൻ കമ്പനി നവംബർ ഒന്നിന് വീടുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനകം പൂർത്തിയാക്കും. എന്നാൽ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക കുടുംബങ്ങൾക്ക് ലഭിച്ചിട്ടില്ല.

''നഷ്ടപരിഹാരത്തിനുള്ള ഗസറ്റ് നോട്ടിഫിക്കേഷൻ കഴിഞ്ഞ മാസം 27ന് ഇറങ്ങി. 30 ദിവസം ആർക്കെങ്കിലും എതിർപ്പുകളോ പരാതികളോ ഉണ്ടെങ്കിൽ രേഖപ്പെടുത്താനുള്ള സമയമാണ്. ഇത് കഴിഞ്ഞാൽ തുക നൽകും. കുട്ടികളുടെ ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ നടപടി സ്വീകരിക്കും."

- എസ്. പ്രേംകൃഷ്ണൻ

ദേവികുളം സബ്‌കളക്ടർ

കൊവിഡ് ഇല്ലായിരുന്നെങ്കിൽ

മരിച്ച 18 കുട്ടികളിൽ 10 പേർ സർക്കാർ ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്നവരായിരുന്നു. ഇവർ മാസത്തിൽ ഒരിക്കലാണ് ലയങ്ങളിലേക്ക് വരുന്നത്. കൊവിഡ് കാരണം ഹോസ്റ്റലുകൾ അടച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ഇവരെങ്കിലും രക്ഷപ്പെടുമായിരുന്നു.