തൊടുപുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് എത്തിയതോടെ സീറ്റ് ഒപ്പിക്കാനുള്ള പരക്കംപാച്ചിൽ ഇപ്പോൾ നാട്ടിൻപുറങ്ങളിലെ സ്ഥിരം കാഴ്ചയാണ്. കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തി കൊണ്ടുപോകും പോലെ മത്സരിക്കാനിരുന്ന സീറ്റ് സംവരണവാർ‌ഡായി മാറിയവരുടെ വിഷമം ആരോട് പറയും. വനിതാസംവരണമാണെങ്കിൽ എങ്ങനെയും അവിടെ ഭാര്യയെ സ്ഥാനാർത്ഥിയാക്കാനാകും അടുത്ത ഓട്ടം. ഇങ്ങനെയൊക്കെ പെടാപ്പാട് പെട്ട് സീറ്റ് മേടിച്ച് കൊവിഡ് കാലത്ത് വെയിലുംകൊണ്ട് വോട്ട് തെണ്ടി ജയിച്ചാൽ തന്നെ എന്താ പ്രയോജനം. രാഷ്ട്രീയം തൊഴിലാക്കിയവർക്കും പല സർവീസുകളിൽ നിന്ന് വിരമിച്ചവർക്കും ഇത് നല്ല മേഖലയാണ്. എന്നാൽ ജനസേവനം ലക്ഷ്യമിട്ടിറങ്ങുന്ന യുവാക്കളുടെ കാര്യമോ. ജീവിതത്തിലെ അഞ്ച് സുവർണ വർഷങ്ങൾ രാപ്പകൽ ഭേദമില്ലാതെ ജനസേവനത്തിനായി മാറ്റി വയ്ക്കേണ്ടി വരും. സ്വന്തമായി ഒരു ജോലിയും ചെയ്യാൻ മെമ്പർ പണിക്കിടയിൽ സമയം കിട്ടില്ല. എന്തെങ്കിലും കച്ചവടമുള്ളവരാണെങ്കിൽ ഇക്കാലത്തത് നഷ്ടകച്ചവടമായി മാറും. കുടുംബത്തിൽ ആസ്തിയോ ഭാര്യയ്ക്ക് ജോലിയോ ഇല്ലെങ്കിൽ മെമ്പർ പണി മാത്രം കൊണ്ടു നടന്നാൽ വീട്ടിലെ അടുപ്പ് പുകയില്ല.

7200 രൂപയാണ് നിലവിൽ ഒരു പഞ്ചായത്ത് മെമ്പർക്ക് ലഭിക്കുന്ന ഓണറേറിയം. ഒരു ബോർഡ് മീറ്റിംഗിൽ പങ്കെടുത്താൽ 200 രൂപയാണ് സിറ്റിംഗ് ഫീയായി കിട്ടുക. മാസത്തിൽ ശരാശരി രണ്ട് യോഗമാണ് ഉണ്ടാവുക. വാർഡിലെ ആവശ്യങ്ങൾക്കായുള്ള ഓട്ടത്തിനിടയിൽ ബൈക്കിൽ പെട്രോളടിക്കാൻ പോലും ഇത് തികയില്ല. പിന്നെ പലരുടെയും പ്രതീക്ഷ പദ്ധതികൾ നടപ്പാക്കുമ്പോഴുള്ള കമ്മിഷനിലാണ്. ഓരോ പൗരനും മാദ്ധ്യമപ്രവർത്തകനായി മൊബൈൽ ഫോണിലെ കാമറയും ഓണാക്കി കാത്ത് നിൽക്കുന്ന കാലമാണിത്. ഒരു ഫേസ്ബുക്ക് ലൈവ് മതി അന്ന് വരെ നിങ്ങളുണ്ടാക്കിയ പൊതുസമ്മതിയെല്ലാം ഒറ്റ നിമിഷംകൊണ്ട് തകർന്നടിയാൻ.

ഇതിനെയെല്ലാം അതിജീവിച്ച് അഞ്ചു വർഷം മികച്ച പ്രവർത്തനം കാഴ്ചവച്ചെന്ന് തന്നെ കരുതുക. ചെയ്ത് കൊടുത്ത സഹായങ്ങളെല്ലാം അവകാശങ്ങളാണെന്ന് കരുതുന്ന സമൂഹത്തിന്റെ ഭാഗത്ത് നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്ന നന്ദി കിട്ടിയെന്ന് വരില്ല. സഹായം ലഭിക്കാത്തവരുടെ ശത്രുത നൂറു ശതമാനം ഉറപ്പ്. എന്നാൽ നന്ദി വേണ്ട വോട്ട് മതിയെന്നാണെങ്കിൽ അവിടെയാണ് ട്വിസ്റ്റ്. ഒരിക്കൽ ജനറൽ സീറ്റ് ആയ ഒരു വാർഡ് അടുത്ത ടേമിൽ ഉറപ്പായും ഏതെങ്കിലും ഒരു സംവരണമണ്ഡലമായി മാറും. പിന്നെ അതുവഴി തിരിഞ്ഞു നോക്കണ്ട. അടുത്ത ടേമിലുള്ള അവസരത്തിനായി കാത്തിരിക്കാമെന്നാണെങ്കിൽ അഞ്ചു വർഷം ലൈംലൈറ്റിൽ നിറഞ്ഞുനിൽക്കുകയെന്നത് അത്ര എളുപ്പമല്ല. അതല്ല വാർഡ് മാറി മത്സരിക്കാമെന്നാണെങ്കിൽ അവിടത്തെ പഴയ മെമ്പറുടെയും ഇപ്പോഴത്തെ മെമ്പറുടെയുമെല്ലാം ഗ്രൂപ്പാകും നിങ്ങളെ നേരിടുക. ഇപ്പോൾ മനസിലായില്ലേ എം.എൽ.എയോ എം.പിയോ ആകുന്ന പോലെ എളുപ്പമല്ല പഞ്ചായത്ത് മെമ്പറാവുകയെന്നത്.