ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് നോട്ടീസ് പ്രസിദ്ധീകരിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെ 13 ഡിവിഷനുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നോട്ടീസ് മലയാളം, തമിഴ് ഭാഷകളിൽ ദേവികുളം ആർ ഡി ഒ ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ചു.
ഓരോ തദ്ദേശ സ്ഥാപനത്തിലേയ്ക്കും ലഭിക്കുന്ന നാമനിർദേശ പത്രികകളുടെ വിവരങ്ങൾ വരണാധികാരികളും ഉപ വരണാധികാരികളും അതത് ദിവസം വൈകിട്ട് നാല് മണിക്ക് മുൻപ് സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ വെബ്ബ് സൈറ്റിൽ എൻട്രി ചെയ്യും. പത്രിക സ്വീകരിക്കുന്ന അവസാന ദിവസമായ നവം. 19 ന് ഓരോ വാർഡിലേക്കും ലഭിച്ച എല്ലാ നാമനിർദ്ദേശ പത്രികകളുടെയും ലിസ്റ്റ് ഡൗൺലോഡ് ചെയ്ത് അതത് സ്ഥാപനങ്ങളിൽ പ്രസിഡീകരിക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്ന അവസാന തിയതിയായ നവം. 23 ന് വൈകിട്ട് മൂന്നു മണിക്ക് ശേഷം മത്സരാർത്ഥികളുടെ ലിസ്റ്റ് മലയാളം അക്ഷരമാല ക്രമത്തിൽ ബന്ധപ്പെട്ട സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യും. തുടർന്ന് സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിച്ച് ബാലറ്റ് തയ്യാറാക്കുന്ന നടപടി ആരംഭിക്കുകയും ചെയ്യും.
വിതരണം ചെയ്തു
ജില്ലയിലെ ബ്ലോക്കുകളിലേക്കും മുനിസിപ്പാലിറ്റിയിലേക്കുമുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച നാമനിർദ്ദേശ പത്രിക ഫോറം, അനുബന്ധ ഫോമുകളും മാർഗ നിർദ്ദേശങ്ങളും വിതരണം ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പരാതികൾ, സംശയങ്ങൾ, മാർഗ നിർദ്ദേശങ്ങൾ, നാമനിർദ്ദേശ പത്രികകൾ, പെരുമാറ്റചട്ടം തുടങ്ങിയുള്ള വിവിധ തിരഞ്ഞെടുപ്പ് സാമഗ്രികളാണ് വിതരണം ചെയ്തത്. ആർഒ മാരും എആർഒ മാരും കളക്ടറേറ്റിലെത്തി ഇലക്ഷൻ ഓഫീസിൽ നിന്ന് കൈപറ്റി.