തൊടുപുഴ: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ പ്രചരണത്തിന് ഫ്ലക്‌സ്, പ്ലാസ്റ്റിക്, വസ്തുക്കൾ ഉപയോഗിച്ചാൽ സ്ഥാനാർത്ഥി വലിയ വില കൊടുക്കേണ്ടി വരും. ഒന്നും രണ്ടുമല്ല പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെയാണ് പിഴ. പ്രചാരണ പ്രവർത്തനങ്ങൾക്ക് കോട്ടൺ തുണി, പേപ്പർ പോളി എത്തിലീൻ തുടങ്ങിയ പരിസ്ഥിതി സൗഹൗദ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. പ്ലാസ്റ്റിക് നൂൽ, പ്ലാസ്റ്റിക് റിബൺ, പി.വി.സി, പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കൾ കൊണ്ടുണ്ടാക്കിയ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ ഇവയൊന്നും ഉപയോഗിക്കാൻ പാടില്ല. ഏതുതരം വസ്തുവിൽ ഏത് സ്ഥാപനത്തിൽ നിന്നും തയ്യാറാക്കിയത് എന്ന് കൃത്യമായി ബാനറുകളിലും മറ്റ് പ്രചരണ ഉപാധികളിലും രേഖപ്പെടുത്തിയിരിക്കണം. നിയമ ലംഘനം നടത്തുന്ന സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെ കർശ്ശന നടപടികൾ സ്വീകരിക്കും. വോട്ടെടുപ്പിന് ശേഷം അതത് രാഷ്ട്രീയ പാർട്ടികൾ തന്നെ തങ്ങളുടെ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങളും മറ്റും നീക്കം ചെയ്ത് സംസ്‌കരിക്കുകയോ പുനഃചംക്രമണം ചെയ്യുന്നതിന് ബന്ധപ്പെട്ട് ഏജൻസികൾക്ക് കൈമാറുകയോ ചെയ്യണം.