ഇടുക്കി :ജില്ലയിൽ നടപ്പു സാമ്പത്തിക വർഷം ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ ബാങ്കുകൾ വിതരണം ചെയ്തത് 1236.55 കോടി രൂപ .ഇതിൽ 1000.68 കോടി രൂപ മുൻഗണന വിഭാഗത്തിനാണ് നൽകിയത് . കാർഷിക മേഖലയിൽ 646.10 കോടിയും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് 184.30 കോടിയും ഭവന വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ഉൾപ്പെടുന്ന മറ്റ് മുൻഗണന മേഖലയ്ക്ക് 170.28 കോടി യും വിതരണം ചെയ്തു . ജൂൺ അവസാനം ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 8920.41 കോടി രൂപയും മൊത്തം വായ്പ 11143.39 കോടി രൂപയും ആണ് . ഓൺലൈനായി നടന്ന ജൂൺ പാദം ജില്ലാതല ബാങ്കിഗ് അവലോകന സമിതി ജില്ലയിലെ ബാങ്കുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. കൊവിഡുമായി ബന്ധപ്പെട്ട് വ്യവസായ മേഖലയിൽ നടപ്പാക്കുന്ന എമർജൻസി ക്രെഡിറ്റ് ലൈൻ വായ്പ പദ്ധതിയിൽ 176.99 കോടി രൂപ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട് . കുടുംബശ്രീ സഹായഹസ്തം വായ്പ പദ്ധതിയിൽ ജില്ലയിൽ 67 കോടി വിതരണം ചെയ്തു . ജില്ലയിലെ രണ്ടു നഗരസഭകളിലായി വഴിയോരക്കച്ചവടക്കാർക്കുള്ള പ്രധാനമന്ത്രിയുടെ സ്വാനിധി പദ്ധതിയിൽ 198 അപേക്ഷ വന്നതിൽ 148 എണ്ണം അനുവദിക്കുകയും 125 പേർക്ക് 10,000 രൂപ വീതം നൽകുകയും ചെയ്തിട്ടുണ്ട് .യോഗത്തിൽ ഇടുക്കി അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആന്റണി സ്‌കറിയ അദ്ധ്യക്ഷത വഹിച്ചു . യൂണിയൻ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ ജയദേവ് നായർ ,ആർ ബി ഐ ലീഡ് ഡിസ്ട്രിക്ട് ഓഫീസർ വിശാഖ് നബാർഡ് ഡി ഡി എം അശോക് കുമാർ നായർ എന്നിവർ സംസാരിച്ചു. ലീഡ് ബാങ്ക്മാനേജർ രാജഗോപാലൻ സ്വാഗതവും സാമ്പത്തിക സാക്ഷരതാ ഉപദേഷ്ടാവ് ബാബു ഗണേഷ് നന്ദിയും പറഞ്ഞു.