ഇടുക്കി: സംസ്ഥാനത്തെ സ്‌കൂളുകളിൽ 2010 മുതൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളായി പ്രവർത്തിച്ചു വന്നവരെ ഉൾപ്പടെുത്തി പുതിയ ഒരു സന്നദ്ധ സേന രൂപം കൊള്ളുന്നു. സ്റ്റുഡന്റ് പൊലീസ് വോളണ്ടിയർ കോർപ്‌സ് (എസ്.വി.സി) എന്ന് പേര് നൽകിയിരിക്കുന്ന സംഘടനയിൽ 40000 കേഡറ്റുകൾ ഇതിനകം പേര് രജിസ്റ്റർ ചെയ്തുകഴിഞ്ഞു. സംസ്ഥാന എസ് പി സി ഡയറക്ടറേറ്റ് ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സേവനം സമൂഹത്തിൽ തുടർന്നും നിലനിർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. അവശത അനുഭവിക്കുന്ന കുട്ടികളെ സഹായിക്കൽ ലഹരി വിരുദ്ധ ബോധവത്കരണം, പ്രകൃതി സംരക്ഷണം, രക്തദാനം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ കർമ്മ പരിപാടിയിൽ ഉൾപ്പെടുന്നു.
സേനയുടെ ആദ്യ പരിപാടി ''പുത്തനുടുപ്പും പുസ്തകവും'' എന്ന പേരിൽ സംസ്ഥാനത്താകമാനം നടക്കുന്നതിന്റെ ഭാഗമായി നാളെ ഇടുക്കി ജില്ലയിലും പദ്ധതി സംഘടിപ്പിച്ചിട്ടുണ്ട്. ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളും, പുതുവസ്ത്രങ്ങളും, കളിക്കോപ്പുകളും, മറ്റ് അവശ്യ വസ്തുക്കളും, ശിശുദിനത്തിൽ സമ്മാനമായി നൽകും. ഇതിനായി നവംബർ 1 മുതൽ 37 എസ് പി സി യൂണിറ്റുകളുടെ നേതൃത്വത്തിൽ ഓരോ യൂണിറ്റിലും കളക്ഷൻ സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. നാളെ ഉപ്പുതറ, തോപ്രാംകുടി, തൊടുപുഴ, രാജാക്കാട്, നെടുംങ്കണ്ടം, അടിമാലി, പാമ്പനാർ, കുമിളി എന്നീ എട്ട് സ്ഥലങ്ങളിലെ കുട്ടികളെ താമസിപ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, സ്‌കൂൾ അധികാരികൾ എസ് പി സി, എസ് വി സി വിദ്യാർത്ഥികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി സാധനസാമഗ്രികൾ വിതരണം ചെയ്യും.