ഇടുക്കി: പട്ടികജാതി വിഭാഗത്തിൽപെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് അവരുടെ നിലവിൽ പെട്രോൾ/ഡീസൽ വിൽപ്പനശാലകൾ പ്രവർത്തനക്ഷമമാക്കുന്നതിനായി പ്രവർത്തനമൂലധന വായ്പ നൽകാൻ പരിഗണിക്കുന്നതിനായി കേരള പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളും പൊതുമേഖലയിലുള്ള ഏതെങ്കിലും പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലർ ആയിരിക്കേണ്ടതുമാണ്. അപേക്ഷകന് സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വിവിധ ലൈസൻസുകൾ, ടാക്‌സ് രജിസ്‌ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം
അപേക്ഷകന്റെ കുടുംബ വാർഷികവരുമാനം ആറ് ലക്ഷം രൂപ കവിയരുത്. പ്രായം 60 വയസ്സ് കവിയാൻ പാടില്ല. അപേക്ഷകനോ ഭാര്യയോ/ഭർത്താവോ കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരായിരിക്കരുത്. അപേക്ഷകൻ വായ്പ്ക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കേണ്ടതാണ്. സ്വന്തം മേൽവിലാസം, ഫോൺ നമ്പർ, ജാതി, കുടുംബ വാർഷികവരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത ഡീലർഷിപ്പ് ലഭിച്ച തീയതി, ഡീലർഷിപ്പ് അഡ്രസ്സ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ പ്രാഥമിക അപേക്ഷ മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ, ടൗൺ ഹാൾ റോഡ്, തൃശ്ശൂർ20 എന്ന വിലാസത്തിൽ നവംബർ 20 നുള്ളിൽ ലഭിക്കത്തക്കവണ്ണം അയയ്ക്കണം.