മുട്ടം: തൊടുപുഴ ബ്ലോക്ക്‌ ആയുഷ് ഗ്രാം പദ്ധതി പ്രകാരം മുട്ടം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, തുടങ്ങാനാട് സെന്റ് തോമസ് ഹൈസ്‌കൂൾ, ഷന്താൽ ജ്യോതി പബ്ലിക് സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളിലൂടെ "വീട്ടു മുറ്റത്ത് ഔഷധ വൃക്ഷങ്ങൾ" പദ്ധതിക്ക് തുടക്കം അവുകയാണെന്ന് ആയുഷ് ഗ്രാം പദ്ധതി നോഡൽ ഓഫീസർ ഡോ: റോസ്‌ലിൻ ജോസ് അറിയിച്ചു. പദ്ധതിയോട് അനുബന്ധിച്ച് ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ 500 ഔഷധ വൃക്ഷതൈകൾ അവരവരുടെ വീടിന്റെ പരിസരത്ത് നട്ട് പരിപാലിക്കും. ഇതിന്റെ ഭാഗമായി ആര്യവേപ്പിൻ തൈകളാണ് ഒന്നാം ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. ഔഷധ സസ്യങ്ങൾ നട്ട് പരിപാലിക്കൽ, വൃക്ഷങ്ങളുടെ ഔഷധ ഗുണങ്ങൾ സംബന്ധിച്ച് അവബോധം വളർത്തൽ , വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വൃക്ഷങ്ങൾ പരിപാലിക്കുന്നതിലൂടെ പ്രകൃതിയിലുണ്ടാകുന്ന ഗുണങ്ങൾ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് അറിവ് നൽകൽ എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. അഞ്ചാമത് ദേശീയ ആയുർവേദ ദിനമായ ഇന്ന് പദ്ധതിക്ക് തുടക്കമാകും. നാഗാർജുന ഹെർബൽ കോൺസെൻട്രേട്സ് ലിമിറ്റിഡാണ് പദ്ധതിക്ക് ആവശ്യമായ ആര്യവേപ്പിൻ തൈകൾ സൗജന്യമായി നൽകുന്നത്. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ: എ എം .കബീർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് കൊവിഡും ആയുർവേദവും - എന്ന വിഷയത്തിൽ ആയുഷ് ഗ്രാം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ: രഹ്ന സിദ്ധാർത്ഥന്റെയും ഔഷധ സസ്യകൃഷി - എന്ന വിഷയത്തിൽ നാഗാർജുന ഔഷധസസ്യവിഭാഗം മാനേജർ ബേബിയുടെയും നേതൃത്വത്തിൽ വെബിനാർ നടത്തും. ഭാരതീയ ചികിൽസാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ശുഭ കെ.പി. വെബിനാർ ഉദ്ഘാടനം ചെയ്യും.