തൊടുപുഴ: മുന്നണികളിൽ സീറ്റ് വിഭജനത്തിനുള്ള അവസാനവട്ട ചർച്ചകൾ പുരോഗമിക്കുന്നു. എൽ.ഡി.എഫിൽ അന്തിമതീരുമാനം ഇന്ന് വൈകിട്ടോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോസ് വിഭാഗത്തിന് എത്ര സീറ്റ് നൽകണമെന്ന് കാര്യത്തിലാണ് അന്തിമതീരുമാനമാകാത്തത്. പല സീറ്റുകളും നൽകുന്ന കാര്യത്തിൽ സി.പി.ഐയടക്കമുള്ള ഘടകക്ഷികൾക്ക് എതിർപ്പുണ്ട്. യു.ഡി.എഫിൽ സീറ്റിന്റെ കാര്യത്തിൽ കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗവുമായി വൈകിയും സമവായമുണ്ടായിട്ടില്ല. ജോസ് വിഭാഗം മത്സരിച്ച മുഴുവൻ സീറ്റുകളും ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കാൻ കോൺഗ്രസിന് സമ്മതം പോര. കുറച്ചെണ്ണം നൽകാമെന്നും ജോസ് വിഭാഗം മത്സരിച്ച സീറ്റുകൾ പൂർണമായും ജോസഫ് വിഭാഗത്തിന് നൽകാൻ കഴിയില്ലെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്. ഇക്കാര്യത്തിൽ സമവായം ഉണ്ടകാത്തതിലാണ് ചർച്ച നീണ്ടു പോകുന്നത്. ലീഗിന്റെ കാര്യത്തിൽ സമവായമുണ്ടായതായാണ് സൂചന. എൻ.ഡി.എയും സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. സീറ്റ് വിഭജനം ഏകദേശം പൂർത്തിയായി. സ്വതന്ത്ര സ്ഥാനാർത്ഥികളെ നിറുത്തുന്ന കാര്യത്തിലാണ് ഇനി തീരുമാനമാകാനുള്ളത്.